ന്യൂഡൽഹി: പെഗസസ് ചാരക്കേസ് പാർലമെന്റിനെ പിടിച്ചുലയ്ക്കുന്നതിനിടെ വീണ്ടും പുതിയ വെളിപ്പെടുത്തലുകൾ. ടു ജി കേസ് അന്വേഷിച്ച മുതിർന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ രാജേശ്വർ സിംഗ്, അരവിന്ദ് കെജ്‌രിവാളിന്റെ പി.എ ആയ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ വി.കെ. ജെയിൻ തുടങ്ങിയവരുടെ ഫോണുകൾ നിരീക്ഷണത്തിലായിരുന്നുവെന്ന് റിപ്പോർട്ട്.
യു.പിയിൽ നിന്നുള്ള ഉദ്യോഗസ്ഥനായ രാജേശ്വർ സിംഗിന്റെ മേൽനോട്ടത്തിലായിരുന്നു 2ജി സ്‌പെക്ട്രം കേസ്, എയർസെൽ മാക്‌സിസ് കേസ്, സഹാറ ഗ്രൂപ് കേസ്, ആന്ധ്ര മുഖ്യമന്ത്രി ജഗൻ റെഡ്ഡിയുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയവയെല്ലാം നടന്നത്.
2017 അവസാനം മുതൽ 2019 പകുതിവരെ സിംഗിന്റെ രണ്ട് ഫോണും ഭാര്യയുടെ പേരിലുള്ള രണ്ട് നമ്പറുകളും രണ്ട് സഹോദരിമാരുടെ നമ്പറുകളും ചോർത്തിയതായാണ് വിവരം. സഹോദരിമാരിലൊരാളായ ആഭാസിംഗ് ഐ.എ.എസുകാരിയും ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകയുമാണ്. 2018-19 കാലയളവിൽ ഉപയോഗിച്ചിരുന്ന ഈ ഫോൺ നിലവിൽ ആഭയുടെ മകനാണ് ഉപയോഗിക്കുന്നത്. സി.ബി.ഐ ഡയറക്ടർ അലോക് വർമയുടെ അടുത്ത സുഹൃത്തുമായിരുന്നു രാജേശ്വർ സിംഗ്. അലോക് വർമയുടെയും ഫോൺ ചോർത്തിയിരുന്നു.
നിതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥന്റെയും ഫോണുകൾ ചോർത്തിയിരുന്നെന്നാണ് വിവരം. ഏതാനും സൈനിക ഉദ്യോഗസ്ഥരുടെയും റോയിലെയും ബി.എസ്.എഫിലെയും ഉദ്യോഗസ്ഥരുടെയും ഫോണുകൾ ചോർത്തിയെന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, രണ്ട് കേന്ദ്രമന്ത്രിമാർ, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, 40 ഓളം മാദ്ധ്യമ പ്രവർത്തകർ തുടങ്ങി നിരവധിപ്പേരുടെ ഫോണുകൾ ചോർത്തിയ വിവരം നേരത്തെ പുറത്തുവന്നിരുന്നു.