vaccine

ന്യൂഡൽഹി : ഏകദേശം മൂന്നര കോടി (3.29) ഡോസ് വാക്‌സിൻ ഉപയോഗിക്കാതെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്വകാര്യ ആശുപത്രികളിലുമായുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം . നിലവിൽ 45.37 കോടി ഡോസ് വാക്‌സിൻ ലഭ്യമാക്കി കഴിഞ്ഞു. 11,79,010 ഡോസ് നിർമ്മാണ ഘട്ടത്തിലാണ്. പാഴായി പോയത് ഉൾപ്പെടെ നിലവിൽ 42,08,32,021 ഡോസ് ഉപയോഗിച്ച് കഴിഞ്ഞെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കാപ്പ വകഭേദം :ആശങ്ക വേണ്ട

ഗുജറാത്തിലെ കാപ്പ വകഭേദം റിപ്പോർട്ട് ചെയ്തു. മാർച്ചിനും ജൂണിനും ഇടയിൽ കൊവിഡ് ബാധിതരായവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചതിൽ നിന്നാണ് ഇവർക്ക് കാപ്പ ബാധിച്ചതായി തിരിച്ചറിഞ്ഞത്. കാപ്പ വകഭേദത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഐ.സി.എം.ആർ അറിയിച്ചിട്ടുള്ളത്. ഇന്ത്യയിൽ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 39,742 പേർക്ക് കൂടി കൊവിഡ്; 535 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 39,972 പേർ രോഗമുക്തി നേടി. 535 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,20,551 ആയി. നിലവിൽ 4,08,212 പേരാണ് ചികിത്സയിൽ തുടരുന്നത്. രാജ്യത്തെ പുതിയ രോഗികളിൽ പകുതിയോളം പേരും കേരളത്തിൽ നിന്നാണ്. 1 2.24 ആണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ 34 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്.