nkpgoyal
കൊല്ലം പാർവതി മിൽ വക സ്ഥലത്ത് നാനോടെക്‌നോളജി കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതിരേഖ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഡൽഹിയിൽ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രി പിയൂഷ് ഗോയലിന് കൈമാറുന്നു

ന്യൂഡൽഹി: നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കൊല്ലം പാർവതി മില്ലിന്റെ സ്ഥലത്ത് ദേശീയതലത്തിൽ നാനോ ടെക്സ്റ്റൈൽ ടെക്‌നോളജി ഗവേഷണ കേന്ദ്രവും നാനോ ടെക്സ്റ്റൈൽ പാർക്കും സ്ഥാപിക്കുന്നതിനുള്ള കരട് പദ്ധതി രേഖ സംബന്ധിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്രമന്ത്രി പിയുഷ് ഗോയലുമായി ചർച്ച നടത്തി. നാനോ ടെക്സ്റ്റൈൽ ടെക്‌നോളജിയുടെ സാദ്ധ്യത കണക്കിലെടുത്ത് പഠനം നടത്തി തുടർനടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
നാനോ ടെക്സ്റ്റൈൽ ടെക്‌നോളജിക്ക് പ്രതിരോധ മേഖലയിലും ആരോഗ്യമേഖലയിലും ഉൾപ്പെടെയുള്ള പ്രാധാന്യം കണക്കിലെടുത്ത് ഡി.ആർ.ഡി.ഒയുടെ സഹകരണത്തോടെ ഗവേഷണം ആരംഭിക്കാനാകുമെന്ന് എം.പി ചൂണ്ടിക്കാട്ടി.
അപ്പാരൽ പാർക്ക് തുടങ്ങുന്നതിനുള്ള സ്ഥലപരിമിതിയും ദീർഘകാലമായി അടഞ്ഞുകിടക്കുന്ന കൊല്ലം പാർവതി മില്ലിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങളും കണക്കിലെടുത്താണ് കരട് പദ്ധതി രേഖ സമർപ്പിച്ചതെന്ന് എം.പി മന്ത്രിയെ ധരിപ്പിച്ചു.