ന്യൂഡൽഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി ചർച്ചകൾ തുടങ്ങി. കൊവിഡ് സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മമത കൂടിക്കാഴ്ച നടത്തി. ഇന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കാണും.
ഇന്നലെ വൈകിട്ട് നാലിന് ലോക്കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ വച്ചാണ് മമത പ്രധാനമന്ത്രിയെ കണ്ടത്. പശ്ചിമ ബംഗാളിന് കൂടുതൽ കൊവിഡ് വാക്സിനും മരുന്നുകളും ആവശ്യപ്പെട്ടതായി മമത കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ജനസംഖ്യാ ആനുപാതികമായി വാക്സിനും മരുന്നും ലഭിച്ചില്ലെന്നും സംസ്ഥാനത്തെ വികസനപദ്ധതികളുടെ കാര്യങ്ങളും ചർച്ച ചെയ്തെന്നും മമത അറിയിച്ചു.
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ പരസ്പരം കൊമ്പുകോർത്ത ശേഷം യാസ് ചുഴലിക്കൊടുങ്കാറ്റ് മൂലമുള്ള നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി വെസ്റ്റ്മിഡ്നാപൂരിലെ കലൈകുണ്ട വ്യോമത്താവളത്തിൽ എത്തിയപ്പോൾ മമതയെ കണ്ടിരുന്നു. എന്നാൽ അവലോകന യോഗത്തിൽ പങ്കെടുക്കാതെ മമത പോയത് വിവാദമാകുകയും അതിന്റെ പേരിൽ അന്നത്തെ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ഉപദേശകനുമായ ആലാപൻ ബന്ദോപാദ്ധ്യായോട് കേന്ദ്ര സർക്കാർ വിശദീകരണം തേടുകയും ചെയ്തു.
ഡൽഹിയിലെ അഞ്ചുദിവസത്തെ സന്ദർശനത്തിനിടെ മമത ഇന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കാണുന്നുണ്ട്. എൻ.സി.പി നേതാവ് ശരദ്പവാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുമായും ചർച്ച നടത്തും. ഇന്നലെ കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ്മ, കമൽനാഥ്, മനു അഭിഷേക് സിംഗ്വി തുടങ്ങിയവരെ കണ്ടു. പഴയ സഹപ്രവർത്തകർ തമ്മിലുള്ള പരിചയം പുതുക്കൽ മാത്രമാണുണ്ടായതെന്ന് കൂടിക്കാഴ്ചയെക്കുറിച്ച് ആനന്ദ് ശർമ്മ പ്രതികരിച്ചു.