ന്യൂഡൽഹി: തിരുവനന്തപുരം നഗരസഭയിൽ അടക്കം തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ വിജയ് സാംപ്‌ളെയ്ക്ക് നിവേദനം നൽകി.
കേരളത്തിൽ പട്ടിക ജാതി ഫണ്ട് വേണ്ടവിധത്തിൽ ഉപയോഗിക്കുന്നില്ലെന്നും പട്ടികജാതി ക്ഷേമത്തിനായി കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ടിൽ കൃത്യമായ ഓഡിറ്റിംഗ് നടത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തിൽ പട്ടികവിഭാഗക്കാർക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, സെക്രട്ടറി രാജി പ്രസാദ്, പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് എന്നിവരും സന്നിഹിതരായിരുന്നു.