covid-restrictions

ന്യൂഡൽഹി: ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ ആഗസ്റ്റ് 31വരെ നീട്ടി കേന്ദ്രം.

പ്രതിരോധ നടപടികളിൽ വിട്ടുവീഴ്ച പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ നിർദ്ദേശിച്ചു. ഉത്സവ സീസൺ തുടങ്ങുന്നതിനാൽ ആൾക്കൂട്ടം ഒഴിവാക്കണം.

ലാഘവത്തോടെ ഇളവുകൾ നൽകുന്നത് ഒഴിവാക്കണം. ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുമ്പോൾ പരമാവധി ജാഗ്രത പാലിക്കണം. വൈറസ് വ്യാപനത്തെ സൂചിപ്പിക്കുന്ന 'ആർ' ഫാക്ടർ ദേശീയ തലത്തിൽ ഒന്നിന് താഴെ ആണെങ്കിലും ചില സംസ്ഥാനങ്ങളിൽ ഉയർന്നതാണ്. ടെസ്റ്റ്പോസിറ്റിവിറ്റി ഉയർന്ന ജില്ലകളിൽ പ്രതിരോധ നടപടികൾ കർശനമാക്കണം.

ഇക്കാര്യങ്ങളിൽ ജില്ലാ, പ്രാദേശിക ഭരണകൂടങ്ങൾക്ക് കർശന നിർദ്ദേശം നൽകണമെന്നും വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും ആഭ്യന്തര സെക്രട്ടറി ഓർമ്മപ്പെടുത്തി.