covid

വീണ്ടും കേന്ദ്രസംഘം വരുന്നു

ന്യൂഡൽഹി: നാലാഴ്ചയായി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നത് അടക്കം കർശന നടപടികൾ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യസെക്രട്ടറി കേരളത്തിന് കത്തയച്ചു. കണ്ടെയ്ൻമെന്റ് നടപടികൾ കൂറെക്കൂടി കാര്യക്ഷമമാക്കണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറയുന്നു.

കേസുകൾ കുത്തനെകൂടുന്ന സാഹചര്യത്തിൽ വീണ്ടും വിദഗ്ദ്ധ സംഘത്തെ സംസ്ഥാനത്തേക്ക് അയയ്ക്കും.

ജൂലായ് അഞ്ചു മുതൽ 9വരെ കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ നടപടികൾ കർശനമാക്കണമെന്ന ആവശ്യം ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചത്. നേരത്തെ നൽകിയ മാർഗരേഖ അനുസരിച്ച് ആൾക്കൂട്ടമുണ്ടാകുന്ന ചടങ്ങുകളും പരിപാടികളും കർശനമായി ഒഴിവാക്കണം. 10.5ശതമാനത്തിന് മുകളിൽ ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്യുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങൾ വേണം.

ജൂലായ് 10-19 ദിവസങ്ങളിൽ 91,617 കേസുകളും 775 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി ചൂണ്ടിക്കാട്ടി. കേസുകൾ കൂടുതലുള്ള കേരളം, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടൻ ചർച്ച നടത്തും.