v-muraleedharan

ന്യൂഡൽഹി: നിയമനിർമ്മാണ സഭകളിലെ അംഗങ്ങളുടെ പ്രത്യേക അവകാശങ്ങളും പരിരക്ഷയും സംബന്ധിച്ച സുപ്രീംകോടതി നിരീക്ഷണങ്ങൾ എൽ.ഡി.എഫ് സർക്കാരിന് ലഭിച്ച കരണത്ത് അടിയാണെന്നും പ്രത്യേക അവകാശങ്ങൾ എന്ത് തോന്ന്യാസവും കാട്ടാനുള്ള ലൈസൻസ് അല്ലെന്ന കോടതി വിധി പാർലമെന്റ് അംഗങ്ങൾക്കും ബാധകമാണെന്നും കേന്ദ്ര പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ താത്പര്യങ്ങൾ സഭാ തലത്തിൽ അനാവശ്യ പ്രവണതകളുണ്ടാക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ ഉത്തരവിന് വലിയ പ്രസക്തിയുണ്ട്. അക്രമത്തെ അഭിപ്രായ സ്വാതന്ത്ര്യമാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തെയാണ് പരമോന്നത കോടതി തള്ളികളഞ്ഞത്. പൊതുമുതൽ നശിപ്പിച്ചവർക്ക് നിയമ പരിരക്ഷ വേണമെന്നാവശ്യപ്പെട്ടത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനാദരവ് വ്യക്തമാകുന്നതാണ്. പൊതുമുതൽ നശിപ്പിച്ച കേസ് നടത്താൻ പൊതുഖജനാവിലെ പണം ചിലവഴിച്ചത് രാജ്യദ്രോഹമാണെന്നും വിചാരണയ്ക്ക് നേരിടുന്ന മന്ത്രി ശിവൻകുട്ടിയെ പുറത്താക്കണമെന്നും വി. മുരളീധരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു