ന്യൂഡൽഹി: സ്വതന്ത്ര ചിന്താഗതിയുള്ള പൗരൻമാരാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയെന്ന് ഇന്ത്യ സന്ദർശിച്ച യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൺ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ തുടക്കത്തിൽ ഇന്ത്യ നൽകിയ സഹായത്തിന് അദ്ദേഹം നന്ദി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈന്യം മടങ്ങുമ്പോഴുള്ള സുരക്ഷാപ്രശ്നങ്ങളും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ചർച്ച ചെയ്തു.
സ്വതന്ത്രചിന്താഗതിയുള്ള ഇന്ത്യൻ പൗരൻമാരെ യു.എസ് അംഗീകരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയാണ് പ്രതിരോധ സഹകരണത്തിന് അടിസ്ഥാനം. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ഇന്ത്യ നൽകിയ സഹായം വലിയ നിലയിൽ തിരിച്ചു നൽകാൻ യു.എസ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തകാലത്ത് ഇന്ത്യയുമായി കൊവിഡ്, പ്രതിരോധം, സുരക്ഷാ, വാണിജ്യം, നിക്ഷേപം, കാലാവസ്ഥാമാറ്റം തുടങ്ങിയ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ കഴിഞ്ഞു. ജനാധിപത്യ ശക്തികളെന്ന നിലയിൽ ഇരുരാജ്യങ്ങൾക്കും പരസ്പരം പഠിക്കാനേറെയുണ്ട്.
അഫ്ഗാനിസ്ഥാനിൽ നിന്ന് സൈനികരെ പിൻവലിക്കുമെങ്കിലും യു.എസ് നിരീക്ഷണം തുടരുമെന്ന് ബ്ളിങ്കൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ അവിടുത്തെ ജനങ്ങൾക്ക് പൂർണ പങ്കാളിത്തമുള്ള സർക്കാർ വരണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. അഫ്ഗാൻ സർക്കാരും താലിബാനും തമ്മിൽ കൂടുതൽ സമവായ ചർച്ചകൾ നടക്കേണ്ടതുണ്ട്. അതിനുള്ള വഴിയൊരുക്കാൻ യു.എസിന് സാധിച്ചിട്ടുണ്ടെന്നും ബ്ളിങ്കൻ ചൂണ്ടിക്കാട്ടി.
സഹകരണം മെച്ചപ്പെടുത്താനുള്ള വഴികളും ആഗോളതലത്തിൽ ഉയർന്നു വരുന്ന ഭീഷണികളെക്കുറിച്ചും ബ്ളിങ്കനുമായി ചർച്ച ചെയ്തെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. കൊവിഡ് വാക്സിൻ അസംസ്കൃത വസ്തുക്കൾക്കുള്ള നിയന്ത്രണം ഒഴിവാക്കിയതിന് യു.എസിനോട് നന്ദി രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ നിരോധനത്തിൽ ഇളവ് നൽകുന്നതും ചർച്ചയായി. വിദ്യാർത്ഥികൾക്ക് യാത്രാഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പ്രതിനിധി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.