ന്യൂഡൽഹി: പുതിയ ഐ.ടി ഇന്റർമീഡിയറി ചട്ടം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ട്വിറ്ററിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി.
കമ്പനിയുടെ സാധാരണ കരാർ ഉദ്യോഗസ്ഥനെ ചീഫ് കംപ്ലയൻസ് ഓഫീസറായി നിയമിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഹൈക്കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയത്. സത്യവാങ്മൂലം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ജസ്റ്റിസ് രേഖാ പാലി പുതിയ സത്യവാങ്മൂലം നൽകാനും ഇത് അവസാന അവസരമാണെന്നും വ്യക്തമാക്കി.
ചീഫ് കംപ്ലയൻസ് ഓഫിസർ, റസിഡന്റ് ഗ്രീവൻസ് ഓഫിസർ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിക്കണം. നോഡൽ ഓഫിസറെ നിയമിക്കാൻ വൈകുന്നതിന്റെ കാരണവും അറിയിക്കാനാവശ്യപ്പെട്ട കോടതി ഈ പദവിയിൽ എന്ന് നിയമനം നടത്തുമെന്ന് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ആഗസ്റ്റ് 6ന് വീണ്ടും പരിഗണിക്കും.
ട്വിറ്റർ പുതിയ ഐ.ടി ചട്ടം നടപ്പാക്കാത്തതിനെതിരെ അഭിഭാഷകനായ അമിത് ആചാര്യ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 'കമ്പനിയുടെ മാനേജ്‌മെന്റ് വിഭാഗത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥനെ ചീഫ് കംപ്ലയൻസ് ഓഫിസറായി നിയമിക്കണമെന്ന് ചട്ടത്തിൽ വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ട്വിറ്ററിന്റെ കരാർ സ്ഥാപനത്തിൽ നിന്നുള്ള ഉദ്യോഗസ്ഥനെയാണ് ചീഫ് കംപ്ലയൻസ് ഓഫിസറായി നിയമിച്ചിരിക്കുന്നത്. ചട്ടം നടപ്പാക്കുമ്പോൾ അൽപ്പമെങ്കിലും ഗൗരവവും സത്യസന്ധതയും പുലർത്തേണ്ടതുണ്ട്.' - ജസ്റ്റിസ് രേഖാ പാലി പറഞ്ഞു.
'ഒരു ഭാഗത്ത് നിങ്ങൾ കണ്ടിജന്റ് ജോലിക്കാരൻ എന്ന് പറഞ്ഞിരിക്കുന്നു. ആ വാക്കിൽ എനിക്കെതിർപ്പുണ്ട്. പിന്നീട് നിങ്ങളുടെ കരാർ കമ്പനിയുടെ ജീവനക്കാരനെന്നും പറഞ്ഞിരിക്കുന്നു. അതെന്താണ്? ഈ സത്യവാങ്മൂലം അംഗീകരിക്കാനാവില്ല.' -കോടതി വിമർശിച്ചു.