rahul-gandhi

ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ ഇന്ത്യൻ ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ വിഷയം ചർച്ച ചെയ്യാതെ ഓടിയൊളിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പെഗസസ് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ കൂടുതൽ സമ്മർദ്ദത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ നേതാക്കളെല്ലാം അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. തുടർച്ചയായ ഏഴാം ദിവസവും ഇരുസഭകളും ബഹളത്തിൽ മുങ്ങി.

പെഗസസ് ഫോൺ ചോർത്തലിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. സ്വന്തം ജനതയ്ക്കെതിരെ കേന്ദ്ര സർക്കാർ ചാര സോഫ്റ്റ്‌‌വെയർ ആയുധമാക്കിയോ എന്നറിയണം. പെഗസസ് രാജ്യദ്രോഹപരമായ വിഷയമാണ്. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അറിവുള്ള വിഷയമായതിനാലാണ് പാർലമെന്റിൽ ചർച്ച ആവശ്യപ്പെടുന്നത്. പ്രതിപക്ഷം നടപടികൾ തടസപ്പെടുത്തുന്നില്ലെന്നും ചുമതല നിർവഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലേതു പോലെ പ്രതിപക്ഷ ബഹളം മൂലം സഭാ നടപടികൾ തുടർച്ചയായി നിറുത്തിവയ്ക്കേണ്ടി വന്നു. ലോക്‌സഭയിൽ ബഹളം അവഗണിച്ച് ചോദ്യോത്തര വേള പൂർത്തിയാക്കി. ഇതിൽ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങൾ ട്രഷറി ബെഞ്ചുകളിലിരുന്ന കടലാസ് വലിച്ചെറിഞ്ഞു.

ബഹളത്തിനിടയിലും ലോക്‌സഭ പാപ്പരത്ത കോഡ് ബില്ലും രാജ്യസഭ ജുവനൈൽ ജസ്റ്റിസ് നിയമവും പാസാക്കി. ധനമന്ത്രി നിർമ്മലാ സീതാരാമൻ ധനവിനിയോഗ ബില്ലുകൾ അവതരിപ്പിച്ചു.