ന്യൂഡൽഹി: ദാമ്പത്യ കലഹങ്ങൾ വിവാഹമോചനത്തിലേക്ക് വഴിപിരിയുന്ന ഇക്കാലത്ത്, 21 വർഷം നീണ്ടു നിന്ന ദമ്പതിമാരുടെ വഴക്കിന് ശുഭാന്ത്യം കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള ദമ്പതിമാരാണ് സുപ്രീംകോടതിയിൽ രണ്ട് മനസുമായി എത്തി ഒറ്റ മനസോടെ തിരിച്ചു പോയത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് ക്ളൈമാക്സിൽ ട്വിസ്റ്റ് ഒരുക്കിയത്.
1998ലായിരുന്നു ഗുണ്ടൂർ ദമ്പതികളുടെ വിവാഹം. പതിയെ ദാമ്പത്യജീവിതത്തിൽ കല്ലുകടികൾ തുടങ്ങി. താമസിയാതെ സ്ത്രീധനപീഡനം ആരോപിച്ച് യുവതി ഭർത്താവിനെതിരെ 2001ൽ ക്രിമിനൽ കേസ് ഫയൽ ചെയ്തു. ഭർത്താവിന് കോടതി ഒരു വർഷത്തെ തടവ് ശിക്ഷ നൽകി. ശിക്ഷ കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭാര്യ സുപ്രീംകോടതിയിൽ ഹർജി നൽകി.
ഭർത്താവ് ജയിലിൽ പോകുകയാണെങ്കിൽ ജോലി പോവും, ശമ്പളമില്ലാതെ എങ്ങനെ ജീവിക്കാനുള്ള പണം നൽകാനാകുമെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസിന്റെ ഉപദേശം കേട്ട ഭാര്യ തന്റെ കുടുംബത്തെ നന്നായി നോക്കുകയാണെങ്കിൽ ഭർത്താവിനൊപ്പം ജീവിക്കാമെന്ന് സമ്മതിച്ചു. തുടർന്ന് ഭാര്യ നൽകിയ വിവാഹമോചന ഹർജിയും പിൻവലിച്ചു. ഭർത്താവും ഭാര്യയോടൊപ്പം താമസിക്കാൻ സമ്മതിക്കുകയും വിവാഹമോചന പരാതി പിൻവലിക്കുകയും ചെയ്തു.
കോടതിയുടെ ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷ് വശമില്ലാതിരുന്ന ഭാര്യയ്ക്ക് ഭർത്താവിനോട് വീഡിയോ കോൺഫറൻസിൽ സംസാരിക്കാൻ തെലുങ്കിൽ കാര്യങ്ങൾ പറയാനുള്ള അനുമതിയും ചീഫ് ജസ്റ്റിസ് നൽകിയിരുന്നു.