jharkhand-judge

ന്യൂഡൽഹി: ജാർഖണ്ഡിൽ അഡിഷണൽ ജില്ലാ ജഡ്ജിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കോടതികളുടെയും ജഡ്ജിമാരുടെയും സംരക്ഷണം സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജഡ്ജി കൊല്ലപ്പെട്ട സംഭവം ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ വ്യാപക സങ്കീർണതകൾ ഉണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിചാരണ ജഡ്ജിമാരുടെ ജോലി സാഹചര്യങ്ങളും അവർ നേരിടുന്ന ഭീഷണികളും ഉൾപ്പടെയുള്ള വിശാലമായ തലത്തിലാണ് ഈ കേസിന് ശ്രദ്ധ നൽകുന്നതെന്നും കോടതി വ്യക്തമാക്കി. രാജ്യവ്യാപകമായി ജഡ്ജിമാർക്ക് നേരെ ഭീഷണിയും അക്രമവും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് തേടുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഉത്തംആനന്ദിന്റെ മരണത്തിൽ റിപ്പോർട്ട് തേടി

അഡിഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് സൂര്യകാന്ത് ജാർഖണ്ഡ് ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടു. ജഡ്ജി ഉത്തം ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് ഹൈക്കോടതിയും കേസെടുത്തിരുന്നു. സുപ്രീംകോടതി ഇപ്പോഴെടുത്തിരിക്കുന്ന കേസ് ഹൈക്കോടതി നടപടികളെ ബാധിക്കില്ലെന്നും നടപടിക്രമങ്ങളുമായി മുന്നോട്ടു നീങ്ങാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ജാഹ്‌രിയ എം.എൽ.എ. സഞ്ജീവ് സിംഗിന്റെ അടുത്ത അനുയായി രഞ്ജയ് സിംഗിന്റെ കൊലപാകം അടക്കമുള്ള കേസുകളിൽ ജഡ്ജി ഉത്തം ആനന്ദ് വാദം കേട്ടിരുന്നു. ഉത്തർപ്രദേശിലെ കൊടും ക്രിമിനലായ അമൻ സിംഗിന്റെ ഗ്യാംഗിൽ പെട്ട രണ്ടു പേർക്ക് അടുത്തയിടെ ജാമ്യവും നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രഭാത സവരിക്കിടെയാണ് ജഡ്ജിയെ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയത്. ആദ്യം അപകട മരണമെന്നാണ് പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്.