ന്യൂഡൽഹി: റേഷൻ കാർഡ് ഉടമകൾക്ക് അരി, ചോളം, ഗോതമ്പ് എന്നിവ യന്ത്രം വഴി ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ധാന്യ എ.ടി.എം ഹരിയാനയിലെ ഗുരുഗ്രാമിലെ ഫറൂഖ് നഗറിലുള്ള റേഷൻ കടയിൽ സ്ഥാപിക്കും. സാധാരണ എ.ടി.എം യന്ത്രം പോലെയാണ് പ്രവർത്തനം. ലഭിക്കേണ്ട അളവ് നൽകിയാൽ അത്രയും ധാന്യം കുഴൽ വഴി സഞ്ചിയിൽ വീഴും. 70 കിലോഗ്രാം വരെ ധാന്യങ്ങൾ ഏഴു മിനിറ്റിനുള്ളിൽ കാർഡുടമകൾക്ക് ലഭിക്കും.
ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് ധാന്യ എ.ടി.എം സ്ഥാപിക്കുന്നതെന്ന് ഭക്ഷ്യ-പൊതു വിതരണ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രാജ്യസഭയിൽ എം.വി. ശ്രേയാംസ് കുമാറിനെ അറിയിച്ചു. പദ്ധതി വിജയമായാൽ രാജ്യമെങ്ങും വ്യാപിപ്പിക്കും. കൃത്യമായ അളവിൽ റേഷൻ ലഭിക്കാനും വിതരണം സുതാര്യമാക്കാനും ധാന്യ എ.ടി.എം. സഹായിക്കുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ അന്ത്യോദയ അന്നയോജന വിഭാഗത്തിൽ 5.96 ലക്ഷം കുടുംബങ്ങളിലെ 25.59 ലക്ഷം പേരും മുൻഗണനാവിഭാഗത്തിലെ 1.29 കോടി പേരും അടക്കം 1.55 കോടി ആളുകളും റേഷൻ വാങ്ങുന്നു.