shipa-shetty

ന്യൂഡൽഹി: ഭർത്താവ് രാജ്കുന്ദ്ര ഉൾപ്പെട്ട നീലച്ചിത്ര നിർമ്മാണക്കേസ് തെറ്റായി റിപ്പോർട്ട് ചെയ്ത് തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചെന്നുള്ള ബോളിവുഡ് നടി ശിൽപ്പാഷെട്ടിയുടെ ഹ‌ർജിയിൽ മാദ്ധ്യമങ്ങളെ താക്കീത് ചെയ്ത് ബോംബെ ഹൈക്കോടതി.

മാദ്ധ്യമസ്വാതന്ത്രവും സ്വകാര്യതയ്ക്കുള്ള അവകാശവും തുല്യമായ അതിർവരമ്പ് പാലിക്കണം എന്ന് നിരീക്ഷിച്ച ജസ്റ്റിസ് ഗൗതം എസ്. പട്ടേൽ അദ്ധ്യക്ഷനായ ബെഞ്ച് ശിൽപ്പഷെട്ടിയെ അപകീ‌ർപ്പെടുത്തുന്ന വാർത്തകൾ പിൻവലിക്കാനും വാക്കാൽ നിർദേശം നൽകി.

29 മാദ്ധ്യമ സ്ഥാപനങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെയാണ് ശിൽപ്പ ബോംബെ ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്. നേരത്തെ നൽകിയ വാർത്തകൾ പിൻവലിച്ച് മാദ്ധ്യമങ്ങൾ നിരുപാധികം മാപ്പുപറയണമെന്നാണ് ആവശ്യം. 25 കോടി രൂപ നഷ്ട പരിഹാരവും നൽകണം. ആരാധകർ, സമൂഹ മാദ്ധ്യമങ്ങളിൽ പിന്തുണക്കുന്നവർ, പരസ്യക്കമ്പനികൾ, ബിസിനസ് പങ്കാളികൾ, സുഹൃത്തുക്കൾ എന്നിവർക്കിടയിൽ തന്റെ ഖ്യാതിക്ക് കോട്ടം തട്ടുന്ന തരത്തിൽ നിരവധി റിപ്പോർട്ടുകളാണ് മാദ്ധ്യമങ്ങൾ നൽകിയതെന്ന് പരാതിയിൽ പറയുന്നു. അതിനിടെ, ശിൽപ്പാഷെട്ടി അഭിനയിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ഹംഗാമ രണ്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു. ശിൽപ്പയ്ക്ക് പുറമെ മീസാൻ ജഫ്‌രി, പരേഷ് റാവൽ, പ്രണിത സുഭാഷ് എന്നിവരും അഭിനയിക്കുന്നുണ്ട്.