ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ നിന്നൊഴിവാക്കിയതിൽ അതൃപ്തനാണെന്ന സൂചനകളെ ശരിവച്ച് പശ്ചിമബംഗാളിലെ അസൻസോളിൽ നിന്നുള്ള ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ബാബുൽ സുപ്രിയോ രാഷ്‌ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചു. അറിയപ്പെടുന്ന ബോളിവുഡ് ഗായകനും നടനുമാണ് സുപ്രിയോ.
എം.പിസ്ഥാനം രാജിവച്ച് ഔദ്യോഗിക വസതിയും മറ്റും ഒരുമാസത്തിനുള്ളിൽ വിട്ടു നൽകുമെന്നും മറ്റൊരു രാഷ്‌ട്രീയ പാർട്ടിയിലും ചേരില്ലെന്നും സുപ്രിയോ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. കേന്ദ്ര വനം പരിസ്ഥി കാലാവസ്ഥാ വകുപ്പ് സഹമന്ത്രിയായിരുന്ന സുപ്രിയോയ്ക്ക് ജൂലായിൽ മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴാണ് പദവി നഷ്ടമായത്. ഇക്കഴിഞ്ഞപശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിരുന്നു.
''ഒരു രാഷ്‌ട്രീയ പാർട്ടിയിലേക്കുമില്ല, തൃണമൂൽ, കോൺഗ്രസ്, സി.പി.എം ആരും ക്ഷണിച്ചിട്ടില്ല. എങ്ങോട്ടും പോകുന്നില്ല. ഞാനെന്നും ഒരു ടീമിന്റെ കളിക്കാരനാണ്. പൊതുപ്രവർത്തനം നടത്താൻ രാഷ്‌ട്രീയം വേണമെന്ന് നിർബന്ധമില്ല.''- ഫേസ്ബുക്ക് പോസ്റ്റിൽ ബബുൽ സുപ്രിയോ പറഞ്ഞു. പശ്ചിമബംഗാൾ ബി.ജെ.പി ഘടകത്തിലെ തമ്മിലടിയും മന്ത്രിസ്ഥാനം നഷ്‌ടമായതിലെ നിരാശയുമാണ് സുപ്രിയോയുടെ വിരമിക്കൽ തീരുമാനത്തിന് ഇടയാക്കിയതെന്നാണ് വിവരം.
സംസ്ഥാന ബി.ജെ.പിയിലെ ഭിന്നതകളെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ പ്രശ്നങ്ങൾ തുടങ്ങിയെന്നും നേതാക്കൾ തമ്മിലടിക്കുന്നത് പാർട്ടിക്ക് ദോഷവും പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2014ൽ താൻ മാത്രമായിരുന്നു ബി.ജെ.പി എം.പി. ഇന്ന് ബംഗാളിലെ പ്രധാന പ്രതിപക്ഷ കക്ഷിയായി വളർന്ന ബി.ജെ.പിക്ക് പ്രമുഖരായ നേതാക്കളുണ്ടെന്നും താനില്ലെങ്കിലും കുഴപ്പമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ സ്നേഹത്തെക്കുറിച്ച് നന്ദിയോടെ സ്മരിക്കുന്നുണ്ട് കുറിപ്പിൽ. താൻ പദവിക്ക് വേണ്ടി വിലപേശിയെന്ന് തെറ്റിദ്ധരിക്കരുതെന്നും തന്നോട് ക്ഷമിക്കണമെന്നും സുപ്രിയോ അഭ്യർത്ഥിച്ചു.
സുപ്രിയോ 2014ലാണ് ബി.ജെ.പിയിൽ ചേർന്നത്. അസൻസോളിൽ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ച് ആദ്യ മോദി മന്ത്രിസഭയിൽ നഗരവികസനം, ഘനവ്യവസായം വകുപ്പുകളിൽ സഹമന്ത്രിയായി. 2019ൽ അസൻസോളിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് പരിസ്ഥിതി സഹമന്ത്രിയായി. ഇക്കഴിഞ്ഞ പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നഷ്‌ടമായി. മന്ത്രിസ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വിവാദമായതിനെ തുടർന്ന് രാജിവയ്ക്കുകയാണെന്ന് തിരുത്തിയിരുന്നു.
.