modi

ന്യൂഡൽഹി​: രാജ്യതാത്പര്യത്തി​ന് മുൻഗണന നൽകണമെന്നും അത് എല്ലാ പ്രവർത്തനങ്ങളിലും പ്രതിഫലിക്കമെന്നും ഐ.പി​.എസ് ട്രെയി​നി​ ഓഫീസർമാർക്ക് പ്രധാനമന്ത്രി​ നരേന്ദ്രമോദി​യുടെ ഉപദേശം. ജോലി​യി​ലും തീരുമാനങ്ങളിലും ദേശീയ താത്പര്യവും ദേശീയ വീക്ഷണവും ഉണ്ടാകണം.

സർദാർ വല്ലഭ് ഭായ് പട്ടേൽ ദേശീയ പൊലീസ് അക്കാഡമിയിലെ ഐ.പി.എസ് പ്രൊബേഷണർമാരോട് വീഡിയോ കോൺഫറൻസിൽ സംസാരി​ക്കുകയായി​രുന്നു പ്രധാനമന്ത്രി​. കേന്ദ്ര ആഭ്യന്തര മന്ത്രി​ അമിത് ഷാ, സഹമന്ത്രി​ നിത്യാനന്ദ് റായ് എന്നിവരും പങ്കെടുത്തു.

ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ പതാകാ വാഹകരാണ് ഓഫീസർമാരെന്ന് പ്രധാനമന്ത്രി​ ഓർമ്മിപ്പിച്ചു. എപ്പോഴും 'രാഷ്‌ട്രം ആദ്യം, എന്ന സന്ദേശം മനസിൽ സൂക്ഷിക്കണം. സ്വാതന്ത്ര്യസമര കാലത്തെന്ന പോലെ വലിയ ലക്ഷ്യം നേടാൻ യുവതലമുറ മുന്നോട്ടുവരണം. അന്നവർ 'സ്വരാജ്യ'ത്തിനായി പോരാടി; നിങ്ങൾ 'സുരാജ്യ'ത്തിനായി നീങ്ങണം.

ഇന്ത്യ മാ​റ്റത്തിനു വിധേയമാകുന്ന അവസരത്തിലാണ് ഉദ്യോഗസ്ഥർ ഔദ്യോഗി​ക ജീവി​തം ആരംഭി​ക്കുന്നത്​. ജനങ്ങൾ മികച്ച പെരുമാ​റ്റമാണ് പ്രതീക്ഷിക്കുന്നത്. സേവനത്തിന്റെ മാന്യതയെക്കുറിച്ച് ശ്രദ്ധാലുക്കളാകണം. സമൂഹത്തിലെ എല്ലാ മേഖലകളും അറിഞ്ഞിരിക്കണം. സൗഹൃദം പുലർത്തണം. യൂണിഫോം ധരിക്കുന്നതിൽ അഭിമാനിക്കണം. രാജ്യം സ്വാതന്ത്യത്തിന്റെ 75ാം വർഷത്തിൽ നിന്ന് ഒരു നൂ​റ്റാണ്ടിലേക്കു പോകുന്ന കാലമായതിനാൽ സർവീസിന്റെ ആദ്യ 25 വർഷം നിർണായകമാണ്.

പൊലീസിൽ സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കാൻ ശ്രമി​ച്ചി​ട്ടുണ്ടെന്ന് പ്രധാനമന്ത്രി​ പറഞ്ഞു. നമ്മുടെ പെൺമക്കൾ പോലീസ് സേനയി​ലൂടെ മി​കച്ച കാര്യക്ഷമതയും ഉത്തരവാദിത്വവും പുലർത്തുമെന്നാണ് പ്രതീക്ഷ.

കേരള കേഡറിൽ നിയമിതനായ, ഐ.ഐ.ടി റൂർക്കിയിൽ പഠി​ച്ച ഹരി​യാന സ്വദേശി​ അനൂജ് പാലീവാൾ അടക്കമുള്ള ഉദ്യോഗസ്ഥരുടെ അനുഭവങ്ങളും സ്വപ്നങ്ങളും അദ്ദേഹം ചോദി​ച്ചറി​ഞ്ഞു.

പൊലീസി​ൽ പരി​ഷ്കാരങ്ങൾ

പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ കമ്മീഷണർ സംവിധാനം ഏർപ്പെടുത്തും. 16 സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലും ഈ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. പോലീസിന്റെ പരിശീലന സൗകര്യങ്ങളിൽ പുരോഗതി ഉണ്ട്. സാങ്കേതികമായി പോലീസിനെ സജ്ജമാക്കണം. നൂതന രീതികൾ ഉപയോഗിച്ച് പുതിയ കു​റ്റകൃത്യങ്ങൾ തടയുക വെല്ലുവി​ളി​യാണ്. സൈബർ സുരക്ഷയ്ക്കായി പുതിയ പരീക്ഷണങ്ങളും ഗവേഷണങ്ങളും ഏ​റ്റെടുക്കണം.