തൃപ്പൂണിത്തുറ: കാനനിർമ്മാണത്തിലെ അപാകതമൂലം ചമ്പക്കര തൈക്കൂടം ഭാഗത്തെ വീടുകളിൽ വെള്ളംകയറി. കാനയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതാണ് കാനയിലൂടെയുള്ള ഒഴുക്ക് തടസപ്പെടാൻ കാരണമെന്ന് സമീപവാസികൾ പറഞ്ഞു. ഇതോടെ നിർമ്മാണച്ചുമതലയുള്ള മെട്രോ അധികാരികളെയും കോർപ്പറേഷൻ വിഭാഗത്തെയും വിവരം അറിയിച്ചു. അവർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാനയുടെ നടപ്പാത പൊളിച്ച് നീക്കി. ഇതോടെ വെള്ളക്കെട്ടിന് ശമനമായെങ്കിലും ചമ്പക്കരയാറ്റിലേക്ക് കാന തുറക്കാനോ
കാനയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് ടൈൽ ഒട്ടിച്ച് പൂർവസ്ഥിതിയിലെത്തിക്കാനോ അധികാരികൾ ശ്രമിക്കുന്നില്ലെന്നാണ് പൊതുജനത്തിന്റെ ആക്ഷേപം. രാത്രിയിൽ ഇതുവഴി സഞ്ചരിക്കുന്ന കാൽനടക്കാർ കാനയിൽ വീണ് പരിക്കേൽക്കുന്നതും നിത്യസംഭവമാണ്.