pic
ഭൂതത്താൻകെട്ട് ഡാമിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ

കോതമംഗലം: കൊവിഡ് മഹാമാരിയിൽ അടിമുടി തകർന്നുപോയ മേഖലകളിലൊന്നാണ് ടൂറിസം. ദിവസേന ആയിരത്തിലധികം സഞ്ചാരികൾ എത്തിയിരുന്ന ഭൂതത്താൻകെട്ട് ശൂന്യമാണ്. ഭൂതത്താൻകെട്ട് പ്രകൃതിരമണീയമായ കാഴ്ചകളും പെരിയാറിലൂടെ ഉള്ള ബോട്ടിംഗും ഏതൊരു സഞ്ചാരിയുടെയും മനംമയക്കുന്നതാണ്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇവയെല്ലാം അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. ലക്ഷക്കണക്കിന് രൂപ കൊടുത്തു മോടിപിടിപ്പിച്ച ഭൂതത്താൻകെട്ട് സൗന്ദര്യവത്കരണ പദ്ധതി എല്ലാം അവതാളത്തിലായി. ഡി.ടി.പി.സി ഉടമസ്ഥതയിലുള്ള ടൂറിസം പ്രോജക്ടുകൾ എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ലീസിന് എടുത്തിട്ട് പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ നിർത്തേണ്ട അവസ്ഥയിലാണ്.

ഭൂതത്താൻകെട്ട് ഡാമിലെ ജലനിരപ്പ് താഴ്ന്നതോടെ അടുത്ത ഡിസംബർ ഓടുകൂടി മാത്രമേ ഇനി ബോട്ടുകൾക്ക് പ്രവർത്തനമാരംഭിക്കാൻ ആവുകയുള്ളൂ. അതുവരെ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് തൊഴിലാളികളും ഉടമകളും.ഭൂതത്താൻകെട്ട് ടൂറിസവുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന വഴിയോര കച്ചവടക്കാർ, ഗൈഡുകൾ, ബോട്ട് ജീവനക്കാർ, ഹോട്ടൽ തൊഴിലാളികൾ എന്നിവർ മുഴു പട്ടിണിയിലാണ്. ഭൂതത്താൻകെട്ടിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലച്ചതോടെ സമീപ പ്രദേശത്തുള്ള എല്ലാ റിസോർട്ടുകളും അടച്ചുപൂട്ടി.

പ്രവർത്തന രഹിതമായി ബോട്ടുകൾ

ലക്ഷങ്ങൾ ചെലവഴിച്ച് കഴിഞ്ഞ ഡിസംബറിൽ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനമാരംഭിച്ച ബോട്ടുകൾ മൂന്നു മാസങ്ങൾ കഴിഞ്ഞതോടെ കൊവിഡ് രൂക്ഷമായി വീണ്ടും അടച്ചുപൂട്ടി. ഭൂതത്താൻകെട്ട് ടൂറിസത്തിന് വേണ്ടി ലോണെടുത്ത് തുടങ്ങിയിരിക്കുന്ന പല പദ്ധതികളും അവതാളത്തിലാണ്. സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് എല്ലാവരുമെന്ന് ബോട്ട് ഉടമ ജോബി പറഞ്ഞു.