winestory

കൊച്ചി: കേരളത്തിന്റെ സ്വന്തം പഴമായ ചക്കയിൽ നിന്ന് വൈൻ ഉൽപ്പാദിപ്പിക്കാനുള്ള അനുമതിക്കായി പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ജയിംസ്. പി മാത്യു എന്ന കർഷകൻ ഒരു വ്യാഴവട്ടമായി കയറി ഇറങ്ങാത്ത ഓഫീസുകളില്ല. മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസ് മുതൽ പ്രധാനമന്ത്രിയുടെ ഓഫീസ് വരെ. പക്ഷേ, ഫലമില്ല.

ചക്കപ്പഴത്തിൽ നിന്ന് ജയിംസ് ഉത്പാദിപ്പിച്ച വൈൻ സി. എസ്. ഐ. ആറിന്റെ തിരുവനന്തപുരം ലബോറട്ടറിയിൽ ടെസ്റ്റ് ചെയ്തിരുന്നു. നല്ല രുചിയും മണവും ഗുണവുമുള്ള വൈനാണെന്ന് 2007 ഏപ്രിൽ 25 ന് ലാബ് റിപ്പോർട്ട് നൽകി.

പോരാട്ട വഴി

• 2008 - ഉത്പാദനാനുമതിക്ക് സർക്കാർ തീരുമാനം വേണമെന്ന് എക്സൈസ്

• 2009 - കൃഷി മന്ത്രിക്ക് പൈലറ്റ് പ്രൊജക്ട് സമർപ്പിച്ചെങ്കി​ലും ഫലമുണ്ടായില്ല.

• 2016 - ഗവർണർക്ക് നൽകിയ അപേക്ഷ സർക്കാരി​ന് കൈമാറി​. നടപടിയില്ല.

• 2017 - രാഷ്ട്രപതിക്ക് നൽകിയ അപേക്ഷ സർക്കാരി​ന് കൈമാറി​. ഫലമില്ല

• 2017 -പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയപ്പോൾ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. നടപടിയില്ല.

12 ലക്ഷം

ലിറ്റർ വൈൻ കേരളം ​വർഷം കുടിച്ചു തീർക്കുന്നു

ഇത് വരുന്നത് ഗോവ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്ന്

ചക്ക വൈൻ ചേരുവകൾ

പഴുത്ത ചക്കച്ചുള - അഞ്ച് കിലോ

പഞ്ചസാര - മൂന്ന് കിലോ

വെള്ളം - അഞ്ച് ലിറ്റർ

കറുവപ്പട്ട - 15 കഷണം

ഗ്രാമ്പു - 20 എണ്ണം

പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റ് - 500 മില്ലിഗ്രാം

വൈൻ യീസ്റ്റ് - 20 ഗ്രാം.

നിർമ്മാണം

20 ഗ്രാം വൈൻ യീസ്റ്റ് അര ലിറ്റർ ചെറുചൂടുവെള്ളത്തിൽ ലയിപ്പിച്ച് ഒരു മണിക്കൂർ കഴിഞ്ഞാൽ സ്റ്റാർട്ടർ ലായനിയായി. ചക്കച്ചുള നന്നായി ഉടച്ച് പഞ്ചസാര, തിളപ്പിച്ചാറിയ വെള്ളം, ചതച്ച ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചേർത്ത് ഇളക്കണം. രണ്ട് മണിക്കൂറിന് ശേഷം സ്റ്റാർട്ടർ ലായനി ചേർത്ത് ഭരണികളിലാക്കി അടച്ച് വയ്ക്കണം. പതിനഞ്ച് ദിവസത്തിന് ശേഷം ലായനി അരിച്ചെടുത്ത് മുട്ടയുടെ വെള്ള പതപ്പിച്ച് ചേർത്ത് 20 ദിവസം വീണ്ടും അടച്ച് വയ്ക്കണം. തെളിഞ്ഞ വൈൻ അരിച്ചെടുത്ത് ഉപയോഗിക്കാം.

''ചക്കപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്ന് വൈനുണ്ടാക്കാൻ അനുവദി​ച്ചാൽ ആയി​രങ്ങൾക്ക് ജീവനോപാധിയാകും. കർണാടക മാതൃകയിൽ കേരളത്തിലും വൈൻ ബോർഡ് രൂപീകരിക്കണം.''

--ജയിംസ് പി. മാത്യു