മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ എട്ടാം വാർഡിലെ അനധികൃതമണ്ണെടുക്കൽ വിഷയത്തെപ്പറ്റിയും വ്യാപക സാമ്പത്തികക്രമക്കേടിനെപ്പറ്റിയുമുള്ള അടിയന്തര കൗൺസിലിൽ വിജിലൻസ് അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യങ്ങളെ ഭരണസമിതി അംഗങ്ങൾ പരിഗണിക്കാനോ പരിശോധിക്കാനോ കൂടുതൽ അന്വേഷണങ്ങൾക്കോ തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷഅംഗങ്ങൾ നഗരസഭയുടെ മുൻപിൽ പ്രതിഷേധധർണ നടത്തി. ധർണാസമരം നഗരസഭ അംഗം കെ. ജി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. നിസ അഷറഫ്, പി. വി. രാധാകൃഷ്ണൻ, ജാഫർ സാദിക്, പി. എം. സലിം, നെജില ഷാജി, സുധ രഘുനാഥ്,മീര കൃഷ്ണൻ, ഫൗസിയ അലി എന്നിവർ പങ്കെടുത്തു.