പറവൂർ: ഇളന്തിക്കര ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് പിതാവ് മരിച്ചുപോയ എട്ടാം ക്ലാസ്‌ വിദ്യാർത്ഥി അലൻ ഡെന്നിക്ക് 710 സ്‌കൊയർ ഫീറ്റിൽ 8.75 ലക്ഷം രൂപയുടെ വീട് നിർമ്മിച്ചു നൽകി. രണ്ട് ബെഡ് റൂം, ഹാൾ, സിറ്റ് ഔട്ട്‌, ടോയ്ലറ്റ്, ബാത്ത് റൂം അടങ്ങിയതാണ് വീട്. പ്രവാസികളായ പൂർവ വിദ്യാർത്ഥികളും വിവിധ എസ്.എസ്.എൽ.സി ബാച്ചുകളും നൽകിയ തുകയും പൂർവ വിദ്യാർത്ഥിയായ നവീനന് ചികിത്സാ സഹായത്തിന് വേണ്ടി സംഘടന ബസ് സർവീസുകൾ നടത്തിയും ബസ് സ്റ്റാൻഡുകളിൽ നിന്നും കടകളിലും നിന്നുമെല്ലാം സമാഹരിച്ചും നൽകിയ 2.65 ലക്ഷം രൂപ ചേർത്താണ് വീട് നിർമ്മിച്ചത്. നവീനന് അനയോജ്യമായ കിഡ്നി മാറ്റിവയ്ക്കാൻ ലഭിക്കാതിരുന്നതിനെ തുടർന്ന് അദ്ദേഹം മരണപെട്ടു. പിന്നീട് ഭാര്യ സിന്ധു നവീനൻ സ്വരൂപിച്ച തുക വീട് നിർമ്മാണത്തിനായി നൽകിയിരുന്നു. എം.കെ. തോമസാണ് വീട് നിർമ്മാണത്തിന്റെ കോൺട്രാക്ടറായി സേവനം അനുഷ്ഠിച്ചത്. ഇളന്തിക്കര ഹൈസ്കൂളിലെ നാല് വിദ്യാർത്ഥികൾക്ക് പ്രളയശേഷം വീട് നിർമ്മിച്ചു നൽകിയിട്ടുണ്ടെന്ന് കൺവീനർ രഞ്ജിത്ത് മാത്യു പറഞ്ഞു. ഗൃഹപ്രവേശനത്തിന്റെ താക്കോൽ ദാനം സ്കൂൾ മാനേജർ സി.എസ്. രാമനാഥൻ നിർവഹിച്ചു. പൂർവ വിദ്യാർത്ഥി പ്രസിഡന്റ്‌ എം.വി. ചെറിയാൻ, ഹെഡ്മിസ്ട്രസ് സി.അർ. ലത, സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് മാത്യു എന്നിവർ പങ്കെടുത്തു.