kerala-cooking

മലയാളികളല്ലാത്തവർക്കായി ടൂറിസം വകുപ്പിന്റെ മത്സരം

കൊച്ചി:വിദേശികളുൾപ്പെടെ മലയാളികളല്ലാത്തവർക്ക് കേരളീയ വിഭവങ്ങൾ പാചകംചെയ്ത് കുടുംബസമേതം ദൈവത്തിന്റെ സ്വന്തം നാട് കണ്ടു മടങ്ങാം. സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ഓൺലൈൻ പാചകമത്സരത്തിന് വമ്പൻ പ്രതികരണം.

മലയാളികളുടെ രുചിക്കൂട്ടുകൾ കേരളത്തിന് പുറത്തേക്ക് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ ക്യുസീൻ കോൺടെസ്റ്റ് 2020-21 എന്ന പേരിലാണ് മത്സരം. എത്രത്തോളം മലയാളിത്തനിമയോടെ പാചകംചെയ്ത് അവതരിപ്പിക്കുന്നു എന്ന് വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തുക.

മലയാളികൾക്ക് പങ്കെടുക്കാനാവില്ല. മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്കും വിദേശികൾക്കും വേണ്ടിയാണ് മത്സരം. ടൂറിസംവകുപ്പിന്റെ വെബ്സൈറ്റിൽ (www.keralatourism.org) 100 നാടൻവിഭവങ്ങളുടെ പാചകക്കുറിപ്പുകൾ നൽകിയിട്ടുണ്ട്. ഇത് പഠിച്ച് പാചകംചെയ്ത് 3മുതൽ 5മിനിറ്റുവരെ ദൈർഘ്യമുള്ള വീഡിയോകൾ സൈറ്റിൽ രജിസ്റ്റർ ചെയ്തശേഷം അപ്‌ലോഡ് ചെയ്യണം. പാചകത്തിന് കേരളത്തിന്റെ പാത്രങ്ങൾ ഉപയോഗിക്കണം. പ്രായഭേദമില്ലാതെ പങ്കെടുക്കാം. ആഗസ്റ്റ് 31 വരെയാണ് മത്സരം.

5 ഇന്ത്യക്കാരെയും 5 വിദേശികളെയും വിജയികളായി തിരഞ്ഞെടുക്കും. ഇവർക്ക് 7 ദിവസത്തെ കേരള പര്യടനമാണ് സമ്മാനം. ഓരോ വിജയിക്കും നാല് കുടുംബാംഗങ്ങളുമായി കേരളം സന്ദർശിക്കാം.

ഇതുവരെ

രജിസ്റ്റർ ചെയ്തത്: 11,313

ഇന്ത്യക്കാർ: 8,413

വിദേശികൾ: 2,900

ലഭിച്ച വിഡിയോ: 1,616

ലോക്ക് ഡൗണിൽ എല്ലാവരെയും ഒന്നിപ്പിക്കുന്ന മത്സരമാണിത്. കേരളത്തിലെ പ്രമുഖരായ ഷെഫുമാർ വിധികർത്താക്കളാവും. ഇവർ 10 വിജയികളെ തിരഞ്ഞെടുക്കും.

ജി.എൽ. രാജീവ്

ഡെപ്യൂട്ടി ഡയറക്ടർ, മാർക്കറ്റിംഗ്

കേരള ടൂറിസം വകുപ്പ്