malinyam
ചുണങ്ങംവേലി സെന്റ് ജോസഫ്‌സ് സ്‌കൂളിന് സമീപം പെരിയാർവാലി കനാൽ റോഡിൽ സാമൂഹ്യ വിരുദ്ധർ തള്ളിയ മാലിന്യം വാർഡ് മെമ്പർ ഷൈനി ടോമിയുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു

ആലുവ: ചുണങ്ങംവേലി സെന്റ് ജോസഫ്‌സ് സ്‌കൂളിന് സമീപം പെരിയാർവാലി കനാൽ റോഡിൽ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ തള്ളിയ മാലിന്യം വാർഡ് മെമ്പർ ഷൈനി ടോമിയുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു. ശുചിത്വ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പൊതുജനങ്ങൾക്കാകെ ദുരിതം വിതച്ച മാലിന്യം നീക്കിയത്.

ഇനി നാട്ടുകാർക്ക് മൂക്ക് പൊത്താതെ നടക്കാം. ദുർഗന്ധം വമിക്കുന്ന അവസ്ഥയായിരുന്നു. റോഡരികിൽ കൂടുതൽ സൗകര്യമുള്ള ഭാഗത്ത് ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴിയെടുത്ത് മാലിന്യം മൂടിയത്.

കുറെകാലമായി ഈ ഭാഗത്ത് അറവ് മാലിന്യങ്ങൾ ഉൾപ്പെടെ ഇവിടെ ചാക്കിലാക്കി തള്ളുന്നത് പതിവായിരുന്നു. പുഷ്പ നഗറിലേക്കും എടത്തല എസ്.ഒ.എസ് ഗ്രാമത്തിലേക്കുമായി പുതിയതായി നിർമ്മിച്ച ബൈപ്പാസ് റോഡാണ് മാലിന്യ നിക്ഷേപ കേന്ദ്രമായത്.

നാല് വർഷം മുമ്പ് പെരിയാർവാലി കനാലിൽ നിരന്തരമായി കക്കൂസ് മാലിന്യം തള്ളിയതിനെ തുടർന്ന് നാട്ടുകാർ ഉറക്കമുളച്ചിരുന്ന് ലോറി പിടികൂടിയിരുന്നു. നാട്ടുകാരെ കണ്ടതോടെ ഡ്രൈവർ ഇറങ്ങി ഓടിയതോടെ ലോറി പിന്നോട്ടിറങ്ങി 20 അടിയോളം ആഴനുള്ള കിണറിലേക്ക് മറിഞ്ഞ സംഭവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് ശേഷം ഇവിടെ മാലിന്യ നിക്ഷേപം കുറഞ്ഞെങ്കിലും അടുത്ത കാലത്ത് പുനരാരംഭിക്കുകയായിരുന്നു.

കർശനമാക്കും
ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് സി.സി ടി.വി കാമറ സ്ഥാപിക്കുന്നതിന് അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യപ്പെടുമെന്ന് വാർഡ് മെമ്പർ ഷെെനി ടോമി അറിയിച്ചു. പൊലീസ് പട്രോളിംഗും ശക്തമാക്കണമെന്ന് ആവശ്യപ്പെടും.