കൊച്ചി: തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ പകൽക്കൊള്ളക്കെതിരെ വരാനിരിക്കുന്നത് വൻദേശീയ പ്രക്ഷോഭമാണെന്ന് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി.ചാക്കോ. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായി എറണാകുളത്ത് മേനകയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ അവഗണിക്കുന്ന പ്രധാനമന്ത്രിയുടെ സ്ഥിരം ശൈലി ഇനിയും ആവർത്തിച്ചാൽ കേന്ദ്രസർക്കാരിന് വൻവില നൽകേണ്ടിവരുമെന്നും പി.സി.ചാക്കോ മുന്നറിയിപ്പ് നൽകി. ജനതാദൾ ജില്ലാ പ്രസിഡന്റ് സാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ.ജെ.ജേക്കബ്, ചന്ദ്രശേഖര മേനോൻ, പി.എസ്.ജോൺ, കുമ്പളം രവി, അഡ്വ അനിൽ, പി.എം.സുരേഷ്ബാബു, കെ.ആർ രാജൻ, അസീസ് തുടങ്ങിയവർ സംസാരിച്ചു.