therrtha

കൊച്ചി: കുഞ്ഞുണ്ണിമാഷിന്റെ 52 കവിതകൾ 22 മിനിറ്റ് സമയത്തിൽ ചൊല്ലിത്തീർത്തതിന് തൃപ്പൂണിത്തുറ ശ്രീഗണപതിമഠത്തിൽ തീർത്ഥ വിവേകിനെ (6) തേടിയെത്തിയത് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്. അഭിഭാഷകനായ അച്ഛൻ വിവേക് കെ. വിജയൻ പലതവണയായി ചൊല്ലിക്കൊടുത്ത കവിതകൾ മന:പ്പാഠമാക്കിയ തീർത്ഥ അവ ഒന്നിച്ചു ചൊല്ലുകയായിരുന്നു. കഴിഞ്ഞ 9നാണ് തീർത്ഥ കവിതകൾ ചൊല്ലുന്ന വീഡിയോ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിന് അയച്ചുകൊടുത്തത്. ശേഷം ചൊല്ലുന്ന കവിതകൾ കൃത്യമാണോയെന്ന് അറിയാൻ ഗസറ്റഡ് ഓഫീസറെക്കൊണ്ട് ആദ്യം ബുക്ക് അധികൃതർ പരിശോധിപ്പിച്ചു. ഒന്നുകൂടി വീഡിയോ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് റെക്കാഡ് നൽകിയത്. തൃപ്പൂണിത്തുറ എൻ.എസ്.എസ് ഹയർ സെക്കൻ‌ഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ തീർത്ഥ തന്റെ യൂട്യൂബ് ചാനലായ തീർത്ഥ ടോക്ക്സ് കിഡ്സിലൂടെ സ്കൂളിൽ പഠിക്കുന്ന വിവിധ വിഷയങ്ങളിൽ മറ്റു കുട്ടികൾക്കായി ക്ലാസ് എടുക്കുന്നുണ്ട്. ഭാരത് മാതാ കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. സൗമ്യയാണ് അമ്മ.