library-council
താലൂക്ക് ലൈബ്രറികൗൺസിൽ ഓഫീസിലെത്തിയ ചുമട്ടുതൊഴിലാളികൾ

മൂവാറ്റുപുഴ: വായന പക്ഷാചരണത്തിന് കൈത്താങ്ങായി മൂവാറ്റുപുഴയിലെ ചുമട്ടുതൊഴിലാളികൾ . മൂവാറ്റുപുഴ താലൂക്ക് ലൈബ്രറികൗൺസിലിലേക്ക് വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന സാധനങ്ങൾ പ്രതിഫലം കൂടാതെ ഇറക്കി നൽകുകയായിരുന്നു ചുമട്ടുതൊഴിലാളികൾ. താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ച മൂവാറ്റുപുഴ നഗരസഭയുടെ വക ടാഗോർ ലൈബ്രറി മന്ദിരത്തിലെത്തിയ ചുമട്ടുതൊഴിലാളികൾ വായന പക്ഷാചരണ പ്രവർത്തനത്തിൽ പങ്കാളികളായി . പി. കേശവദേവിന്റെ ഓർമ്മ ദിനമായ ഇന്നലെ മുതൽ ബഷീറിന്റെ ദിനമായ ജൂലായ് 5 വരെ വീട്ടുമുറ്റത്ത് പുസ്തകമെത്തിക്കൽ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഓൺലൈൻ പരിപാടിയിൽ പങ്കെടുത്ത തൊഴിലാളികൾ ലൈബ്രറികൗൺസിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ സഹകരിക്കുമെന്നും അറിയിച്ചു. ചുമട്ടുതൊഴിലാളിയൂണിയൻ ( സി.ഐ.ടി.യു) നേതാവ് ആന്റണി ജോണിന്റെ നിർദ്ദേശപ്രകാരം എം.ഇ. ഹസൈനാർ, റെജി എം.കെ, മൈക്കിൾ എൻ.ഇ, ആഷിഖ് അഷറഫ്, ഷാജഹാൻ എം.കെ എന്നിവാർ പങ്കെടുത്തു. ചുമട്ടുതൊഴിലാളികളെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷിസ്ക്കറിയയും, സെക്രട്ടറി സി.കെ. ഉണ്ണിയും അഭിനന്ദിച്ചു .