മൂവാറ്റുപുഴ: മുളവൂരിലെ ഏഴാം വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്‌നേഹപൂർവ്വം മുളവൂർ എന്ന സംഘടന നാടിന് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ പറഞ്ഞു. സംഘടനയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുട്ടികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണവും നിർദ്ധന കുടുംബങ്ങൾക്കുള്ള പ്രതിമാസ റേഷൻ സംവിധാനത്തിന്റെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കൊവിഡ് പ്രതിസന്ധിയിൽ 139 വീടുകളിൽ സ്‌നേഹപൂർവ്വം മുളവൂർ സംഘടന ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. കൊവിഡ് ടെസ്റ്റിനു പോകാൻ വാഹനം ഇല്ലാതെ ബുദ്ധിമുട്ടിയ വാർഡ് നിവാസികളെ ആശുപത്രിയിൽ എത്തിക്കാൻ സൗജന്യമായി വഹന സൗകര്യം ഒരുക്കി. കൊവിഡ് നെഗറ്റീവായ വീടുകളും സ്ഥാപനങ്ങളും വാർഡ് മെമ്പറും സംഘടനയുടെ രക്ഷാധികാരിയുമായ പി.എം.അസീസിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി അദ്ധ്യാപികമാർ , ആശ വർക്കേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളും പരിസരവും വൃത്തിയാക്കി മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്തി. വാർഡിലെ നിർദ്ധരരും അർഹരുമായ 10 വീടുകളിൽ പ്രതിമാസ പെൻഷൻ എത്തിച്ച് നൽകി.പ്രസിഡന്റ് മജീദ് മണ്ണായം അദ്ധ്യക്ഷത വഹിച്ചു. ഷെക്കിർ കോട്ടക്കുടി, പി.എം.അസീസ്, കെ.എം.പരീത്, എം.എം.സീതി, പി.പി.അഷറഫ്, കെ.എം. മുസ്തഫ, സമാൻ കുന്നുംപ്പുറം, ബിൻസ് വട്ടപ്പാറ, അജിംസ് കാട്ടുകുടി, ഷാജി പനക്കൽ, ബിനോയ് പുത്തേത്ത്, സി.യു. ജോഷി, കെഎം അലിയാർ, വി.എ മക്കാർ എന്നിവർ പങ്കെടുത്തു.