
കൊച്ചി: റോട്ടറി ഇന്റർനാഷണലിന്റെ 2021 -22 വർഷത്തെ പ്രസിഡന്റായി സ്‌കൈലൈൻ ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് കമ്പനി സ്ഥാപകനും ചെയർമാനുമായ ശേഖർ മേത്ത ചുമതലയേറ്റു. സംഘടനയുടെ നേതൃസ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യാക്കാരനാണ് ശേഖർ മേത്ത. റോട്ടറി ക്ലബ് ഒഫ് കൊൽക്കത്ത മഹാനഗർ അംഗമാണ് അദ്ദേഹം.
ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ ആരോഗ്യം, ക്ഷേമം, വിദ്യാഭ്യാസം, സാമ്പത്തിക സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം അറിയിച്ചു. 2025ഓടെ ഇന്ത്യയെ പൂർണമായും സാക്ഷരത കൈവരിക്കുന്ന രാജ്യമാക്കാനുള്ള ടീച്ച് പ്രോഗ്രാം, 1,500ലേറെ ഹൃദയശസ്ത്രക്രിയകൾ, സൂനാമിക്കു ശേഷമുള്ള വീണ്ടെടുപ്പ് തുടങ്ങിയ കാര്യങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.