കൊച്ചി: എറണാകുളം ബാനർജി റോഡിന് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന 80കാരി ഒരു ദിവസം ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ വീട്ടിൽ വെള്ളമില്ല, കറന്റില്ല, ലാൻഡ് ലൈൻ ഫോൺ പ്രവർത്തിക്കുന്നില്ല, കാന പണിക്കായി സ്ളാബ് മാറ്റിവച്ചതിനാൽ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനും നിർവാഹമില്ല. മുന്നറിയിപ്പില്ലാതെ പാതിരാത്രിയിൽ റോഡ് കുത്തിപ്പൊളിച്ച് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ ) ആണ് വൃദ്ധയെ വലച്ചത്.

നഗരത്തിലെ ടെലഫോൺ കേബിളുകൾ നശിപ്പിച്ച വകയിൽ ബി.എസ്.എൻ.എല്ലിന് 27 ലക്ഷം രൂപയുടെ നഷ്‌ടമാണ് സി.എസ്.എം.എൽ വരുത്തിവച്ചത്. കഴിഞ്ഞ മാസം ബാനർജി റോഡിലെ കേബിളുകൾ തകർത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. . ഇൻകംടാക്സ് ഓഫീസ് ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് ഇത്. എട്ടര ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭിക്കാതെ കേബിൾ നന്നാക്കില്ലെന്ന് ബി.എസ്.എൻ.എൽ തീരുമാനിച്ചതോടെ ഉപഭോക്താക്കൾ വലഞ്ഞു. .

 ആശങ്കയോടെ കച്ചവടക്കാർ

ക്ളോത്ത് ബസാറിൽ ഒരു വർഷത്തിലേറെയായി നടക്കുന്ന അന്തമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കി. വീതി കുറഞ്ഞ ഇടറോഡുകളുടെ ഇരുവശത്തും ഒരു മീറ്റർ വീതിയിൽ നടപ്പാതകൾ നിർമ്മിച്ചതോടെ ഗതാഗതകുരുക്ക് രൂക്ഷമായി. സ്മാർട്ട് സിറ്റിയുടെ എറണാകുളം മാർക്കറ്റ് നവീകരണവും വൈകുമോയെന്ന ആശങ്കയിലാണ് വ്യാപാരസമൂഹം .

 നശീകരണ പ്രവർത്തനം

സ്മാർട്ട് സിറ്റി പദ്ധതി ശരിക്കും നശീകരണപ്രവർത്തനമായി മാറി. യാതൊരു ഏകോപനവുമില്ലാതെയാണ് പ്രവർത്തനങ്ങൾ. അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ പണി ഏല്പിച്ച് അധികൃതർ സ്ഥലംവിടുകയാണ്.

മനു ജേക്കബ്ബ്, കൗൺസിലർ

 തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നില്ല

സ്മാർട്ട്സിറ്റി പ്രദേശത്തെ കുടിവെള്ള, വൈദ്യുതി വിതരണം, റോഡ് നിർമ്മാണം എന്നിവയുടെ നിർവഹണം സി.എസ്.എം.എല്ലിന് ആണ്. എൽ.ഇ.ഡിയുടെ തെരുവ് വിളക്കിന് മൂന്നു വർഷത്തെ ഗ്യാരന്റിയാണ് പറഞ്ഞത്. എന്തെങ്കിലും തകരാർ സംഭവിച്ചാൽ അധികൃതർക്ക് ഉടനടി സന്ദേശം ലഭിക്കുമെന്നും പറഞ്ഞിരുന്നു. ടി.ഡി.റോഡിലെ തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായിട്ട് രണ്ടു മാസം കഴിഞ്ഞു. പരാതി പറഞ്ഞിട്ടും നടപടിയില്ല.

സുധ ദിലീപ് കുമാർ കൗൺസിലർ

 കുടിവെള്ള പൈപ്പുകൾ

മാറ്റി സ്ഥാപിക്കണം

കുടിവെള്ള പൈപ്പിന് മീതെയാണ് സി.എസ്.എം.എൽ എല്ലായിടത്തും കാന സ്ഥാപിക്കുന്നത്. സ്വഭാവികമായി കുറച്ചു മാസം കഴിയുമ്പോൾ പൈപ്പ് പൊട്ടും. പൊട്ടൽ എവിടെയാണെന്ന് കണ്ടെത്താൻ പ്രയാസമാണ്. കാനയിൽ നിന്ന് വേർതിരിച്ച് കുടിവെള്ള പൈപ്പിടണമെന്ന നിയമം സി.എസ്.എം.എൽ പാലിക്കുന്നില്ല.ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം പരാതി നൽകിയിട്ടും ഫലമുണ്ടായില്ല .

ആന്റണി കുരീത്തറ

കോർപ്പറേഷൻ പ്രതിപക്ഷ നേതാവ്

ക്ഷമയുടെ നെല്ലിപ്പടിയിൽ

ഇത്തരത്തിലുള്ള പരാതികളെല്ലാം സി.എസ്.എം.എല്ലിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇടപെടലുകളിൽ മാറ്റം വന്നില്ല. . മൂന്നു മാസമായി എം.ഡി സ്ഥലത്തുണ്ടായിരുന്നില്ല.

എം.അനിൽകുമാർ, മേയർ