പറവൂർ: കൈതാരം പൊക്കാളി പാടശേഖരത്തിൽ കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോമിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്ന കൃഷിക്കു തുടക്കം കുറിച്ചു. മന്ത്രി പി. പ്രസാദ് വിത്തെറിഞ്ഞു പരിപാടി ഉദ്ഘാടനം ചെയ്തു.കാർഷിക മേഖലയുടെ ഭാവി പുതുതലമുറയുടെ കൈയിൽ സുരക്ഷിതമാണെെന്ന് മന്ത്രി പറഞ്ഞു. പറവൂരിലെ തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി പൊക്കാളി കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ന്യായമാണ്. അത് പരിഹരിക്കാനും അവർക്ക് ആവശ്യമായ പിന്തുണ നൽകാനും കൃഷിവകുപ്പ് പ്രതിജ്ഞാബദ്ധമാണ്. പ്രളയത്തിൽ കർഷകർക്കുണ്ടായ കൃഷിനാശത്തിന്റെ നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു. ടൗട്ടെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടു വന്ന വിളനാശത്തിന് നഷടപരിഹാരം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ 150 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ നിലവിൽ വരുമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി വികാരി സെബാസ്റ്റ്യൻ ലൂയിസ്, ബോയ്സ് ഹോം ഡയറക്ടർ ഫാ.സംഗീത് ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനയ്ക്കൽ, യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഷാജി, കെ.ഡി. വിൻസെന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ജില്ലാ കൃഷി ഓഫീസർ ടെസി ഏബ്രഹാം, കൃഷി ഓഫീസർ കെ.സി. റൈഹാന തുടങ്ങിയവർ പങ്കെടുത്തു.