കൊച്ചി: സ്കൂൾതലത്തിലെ പൊതുപരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കാനുള്ള തീരുമാനം സംസ്ഥാന ബോർഡ് വിദ്യാർത്ഥികളും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികളും തമ്മിലുള്ള അന്തരം അവസാനിപ്പിക്കുമെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് അറിയിച്ചു.
കൊവിഡ് വ്യാപനംമൂലം പാഠ്യേതര പ്രവർത്തനങ്ങൾ നടപ്പാക്കാത്തതിനാൽ ഗ്രേസ് മാർക്ക് ഒഴിവാക്കിയത് സ്വാഗതാർഹമാണ്. 10, 12 ക്ളാസുകളിൽ ഗ്രേസ്‌മാർക്ക് നിറുത്തലാക്കണമെന്ന് കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സി.ബി.എസ്.ഇ വിദ്യാർത്ഥികൾ 2019ൽ സമർപ്പിച്ച ഹർജിയിലും സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല.
എൻജിനീയറിംഗ് പോലുള്ള പ്രൊഫഷണൽ കോഴ്സുകൾക്ക് റാങ്കുലിസ്റ്റ് തയ്യാറാക്കുമ്പോൾ ബോർഡ് പരീക്ഷയുടെ മാർക്ക് പരിഗണിക്കില്ലെന്ന തീരുമാനവും സ്വാഗതം ചെയ്യുന്നതായി കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു. എല്ലാ വിഭാഗത്തിലും പഠിച്ചവർക്ക് ഒരുപോലെ അവസരം നൽകുന്നതാണ് തീരുമാനം. പതിറ്റാണ്ടുകൾ പഴക്കമുള്ള സമ്പ്രദായത്തിൽ മാറ്റംവരുത്തുമ്പോൾ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.