തോപ്പുംപടി: കൊവിഡിന്റെ രണ്ടാം വരവിൽ പ്രിന്റിംഗ് പ്രസ് ജീവനക്കാർ പ്രതിസന്ധിയിൽ. വിവാഹവും, മരണാനന്തര ചടങ്ങുകൾക്കും ആളെ കുറച്ചപ്പോൾ കാർഡുകളും മറ്റും വേണ്ടാതായി. 30 ലക്ഷം രൂപ വായ്പ എടുത്താണ് പലരും മെഷീനുകൾ വാങ്ങിയിരിക്കുന്നത്. ചുരുങ്ങിയ കാലാവധിക്കുള്ളിൽ തിരച്ചടയ്ക്കുകയും വേണം. കൂടാതെ ജീവനക്കാരുടെ ശമ്പളം, വാടക, കറണ്ട് ബിൽ, വെള്ളക്കരം തുടങ്ങിയ ഇനത്തിൽ വേറെ ചിലവും. കേരള പ്രിന്റേഴ്സ് അസോസിയേഷൻ എന്ന സംഘടന പ്രവർത്തിക്കുന്നുണ്ടെങ്കിലും യാതൊരു വിധ സഹായവും ഇവർക്ക് ലഭിച്ചിട്ടില്ല. അംഗങ്ങളിൽ നിന്നും വാർഷികവരിസംഖ്യയായി 600 രൂപ ഈടാക്കിയിരുന്നെങ്കിലും കൊവിഡ് തരംഗം വന്നതോടെ അത് ഒഴിവാക്കി. സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും നാളിതുവരെ ലഭിച്ചിട്ടില്ല. മാസങ്ങളോളം കടകൾ അടച്ചിട്ടതോടെ ലക്ഷങ്ങൾ വിലവരുന്ന മെഷീനുകൾ തുരുമ്പ് പിടിച്ച് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ദുരിതത്തിലായ തങ്ങളുടെ ജീവനക്കാർക്ക് പലപ്പോഴും സ്വന്തം പോക്കറ്റിൽ നിന്നും പണം നൽകിയാണ് സഹായിക്കുന്നതെന്ന് പള്ളുരുത്തിയിൽ പ്രിന്റിംഗ് പ്രസ് നടത്തുന്ന ദമ്പതികളായ റോയ് - റീന എന്നിവർ പറയുന്നു.