ആലുവ: ഗർഭിണിയായ യുവതിയെയും പിതാവിനെയും ഭർത്താവും വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. ഭർത്താവ്, ഭർതൃമാതാപിതാക്കൾ, ഭർതൃസഹോദരി, സുഹൃത്ത് എന്നിവർക്കെതിരെ കേസെടുത്തതായി ആലങ്ങാട് സി.ഐ പറഞ്ഞു.
പൊലീസ് പറയുന്നത്: ആലുവ തുരുത്ത് സ്വദേശി സലിം, മകൾ നൗലത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നൗലത്തിന്റെ ഭർത്താവ് ആലങ്ങാട് മറിയപ്പടി സ്വദേശി ജൗഹർ, മാതാവ് സുബൈദ എന്നിവരുടെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചു.
ഏഴുമാസം മുമ്പാണ് ജൗഹറും നൗലത്തും വിവാഹിതരായത്. സ്ത്രീധനമായി എട്ടുലക്ഷം രൂപയും രണ്ടുലക്ഷം രൂപയുടെ സ്വർണവും നൽകി. ഈ പണമുപയോഗിച്ച് വാങ്ങിയ വീട് വിൽക്കാൻ ജൗഹർ ശ്രമിച്ചത് നൗലത്ത് പിതാവിനെ അറിയിച്ചു. ഇതേക്കുറിച്ച് സംസാരിക്കാൻ സലിം ആലങ്ങാട്ടെ വീട്ടിലെത്തിയപ്പോഴായിരുന്നു മർദ്ദനം. വീട് വിൽക്കാൻ അനുവദിക്കുകയോ അല്ലെങ്കിൽ കൂടുതൽ പണം നൽകുകയോ ചെയ്യണമെന്നാണ് ജൗഹർ ആവശ്യപ്പെട്ടത്. സലിം അംഗീകരിക്കാത്തതിനെത്തുടർന്നായിരുന്നു മർദ്ദനം. പിതാവിനെ മർദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ നൗലത്തിനെയും മർദ്ദിച്ചു. ഇരുവരും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വനിതാകമ്മീഷൻ റിപ്പോർട്ട് തേടി
സംസ്ഥാന വനിതാ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. വിശദറിപ്പോർട്ട് സമർപ്പിക്കാൻ ആലങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർക്ക് നിർദ്ദേശംനൽകി. വിവാഹത്തെ ചിലർ കച്ചവടമായി കാണുന്നത് അതീവഗുരുതരമാണെന്ന് വനിതാകമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു.
പൊലീസ് വീഴ്ചയെന്ന് എം.എൽ.എ
സംഭവത്തിൽ പ്രതിയെ അറസ്റ്റുചെയ്യുന്നതിൽ ആലങ്ങാട് പൊലീസ് വീഴ്ച വരുത്തിയതായി അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു. സംഭവം നടന്നശേഷം ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ യുവതിയും പിതാവും പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതിപ്പെട്ടതാണ്. തുടർന്നാണ് ആലുവ ജില്ലാ ആശുപത്രിയിലും വിദഗ്ദ്ധ ചികിത്സയ്ക്കായി അശോകപുരത്തെ സ്വകാര്യ ആശുപത്രിലേക്കും മാറ്റിയത്. രാത്രി ഒൻപതരയോടെ പൊലീസ് മൊഴിയെടുക്കാൻ പോലും എത്തിയില്ല. ദൃശ്യമാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് പൊലീസെത്തിയത്. ഇതിനിടെ പ്രതി മുങ്ങുകയും ചെയ്തു. .
വീഴ്ചയുണ്ടെങ്കിൽ നടപടിയെന്ന് എസ്.പി
സംഭവത്തിൽ ആലങ്ങാട് പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് 'കേരളകൗമുദി'യോട് പറഞ്ഞു. വീഴ്ചയുണ്ടെങ്കിൽ നടപടിയുണ്ടാകും. നിലവിൽ ലഭ്യമായ വിവരമനുസരിച്ച് വീഴ്ചയുണ്ടായിട്ടില്ല. ബുധനാഴ്ച വൈകിട്ടാണ് വിവരം പൊലീസിനെ അറിയിച്ചത്. അന്ന് രാത്രിതന്നെ കേസെടുത്തു.