കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ രണ്ടാം പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും പോത്താനിക്കാട് സ്വദേശിയുമായ ഷാൻ മുഹമ്മദിന്റെ (39) മുൻകൂർ ജാമ്യഹർജി എറണാകുളം പോക്സോ കോടതി തള്ളി. ഷാൻ മുഹമ്മദിന്റെ ഡ്രൈവറായിരുന്ന ഒന്നാംപ്രതി റിയാസ് പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്. സംഭവത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്ന ഷാൻ മുഹമ്മദ് പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് കണ്ടെത്തിയാണ് കേസിൽ പ്രതി ചേർത്തത്. ഒരുമാസമായി ഇയാൾ ഒളിവിലാണ്.
കഴിഞ്ഞ മാർച്ച് 20 നാണ് റിയാസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് ഗർഭിണിയായ പെൺകുട്ടിയുമൊത്ത് പരിശോധനയ്ക്കായി ലാബിൽ പോയപ്പോൾ ഷാൻ ഒപ്പമുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടു മറച്ചുവെക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റമാണ്. പീഡനത്തെക്കുറിച്ച് ഷാൻ മുഹമ്മദിന് അറിവുണ്ടായിരുന്നെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി പറഞ്ഞപ്പോൾ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ മൊഴിയുണ്ട്.
ഷാൻ മുഹമ്മദിനെതിരെ പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഷാൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജൂൺ രണ്ടിനാണ് കേസിൽ അന്വേഷണം ആരംഭിച്ചതെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പോക്സോകോടതി വിലയിരുത്തി. മാത്രമല്ല പെൺകുട്ടി പൊലീസിലും മജിസ്ട്രേട്ട് മുമ്പാകെയും നൽകിയ മൊഴികളിൽ പ്രതിയുടെ പങ്ക് പറയുന്നുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇയാളെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും മുൻകൂർജാമ്യം അനുവദിച്ചാൽ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് ഇയാൾ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇൗ വാദങ്ങളും കോടതി അംഗീകരിച്ചു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.