കൊച്ചി: വടുതലയിൽ നിർമ്മിച്ച താത്കാലിക ബണ്ട് കാരണം അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാൻ 24.3 കോടി രൂപ വേണ്ടി വരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറടക്കമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട ഹർജികൾക്കൊപ്പം വടുതല താത്കാലിക ബണ്ടിന്റെ വിഷയം ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിഗണിച്ചിരുന്നു. ആലുവയ്ക്കും കൊച്ചി നഗരത്തിനുമിടയ്ക്കുള്ള വെള്ളക്കെട്ടിന് വടുതലയിലെ താത്കാലിക ബണ്ട് കാരണമാകുന്നുണ്ടെന്ന മാദ്ധ്യമ റിപ്പോർട്ടുകളെത്തുടർന്നാണ് ഹൈക്കോടതി ഇൗ വിഷയം പരിഗണിച്ചത്. ഇവിടെ വൻതോതിൽ മണ്ണും ചെളിയും അടിഞ്ഞു കൂടിയിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു. തുടർന്ന് ഇൗ സ്ഥലത്ത് കൂടുതൽ പരിശോധന നടത്തി ബണ്ട് നീക്കം ചെയ്യാൻ ആവശ്യമായ ചെലവിനെക്കുറിച്ച് റിപ്പോർട്ട് നൽകാനും ഒാപ്പറേഷൻ ബ്രേക്ക് ത്രൂ ടീമിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. റെയിൽവെയ്ക്കു വേണ്ടി അഫ്കോൺസ് എന്ന കമ്പനിയാണ് താത്കാലിക ബണ്ട് നിർമ്മിച്ചത്.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഒാപ്പറേഷൻ ബ്രേക്ക് ത്രൂ ടീമും കൊച്ചി നഗരസഭയും ജി.സി.ഡി.എയും ഹൈക്കോടതിയിൽ അറിയിച്ചു.