കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് ഇനി ആറ് ആനകൾ മാത്രം. ഇവയാകട്ടെ വാർദ്ധക്യത്തിന്റെ അരിഷ്ടതയിലും. ബോർഡിന്റെ ചോറ്റാനിക്കര, തൃപ്രയാർ, തൃപ്പൂണിത്തുറ ക്ഷേത്രങ്ങളിൽ നിത്യശീവേലിക്ക് ആന നിർബന്ധമാണ്. ആചാരം മുടങ്ങാതിരിക്കാൻ ആനകളെ വാടകയ്ക്കെടുക്കുകയാണ് പലപ്പോഴും. 2013ൽ ഉണ്ടായിരുന്ന 13 ആനകളിൽ ഏഴെണ്ണവും വാർദ്ധക്യത്താലും രോഗത്താലും ചരിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ചരിഞ്ഞ ചോറ്റാനിക്കരയിലെ ആന മുത്തശി സീതയാണ് ഈ പട്ടികയിൽ അവസാനത്തേത്. പുറത്തുനിന്ന് ആനയെ കൊണ്ടുവന്നാണ് നാല് ദിവസമായി ഇവിടെ ശീവേലി നടത്തുന്നത്.
അവശേഷിക്കുന്ന അഞ്ചാനകളിൽ 50 വയസുകാരനായ പഴയന്നൂർ ശിവരാമനാണ് ചെറുപ്പം. 66 വയസുള്ള വടക്കുന്നാഥൻ ചന്ദ്രശേഖരനാണ് സീനിയർ. 56 കാരനായ എറണാകുളം ശിവകുമാറാണ് തലയെടുപ്പിൽ മുമ്പൻ. ഇക്കൊല്ലം തൃശൂർ പൂരത്തിന് തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയതും ശിവകുമാറായിരുന്നു.
കേരളത്തിലെ ആദ്യകാല അബ്കാരി കോൺട്രാക്ടർ കെ.ജി.ഭാസ്കരൻ എറണാകുളം ശിവക്ഷേത്രത്തിൽ നട
യ്ക്കിരുത്തിയതാണ് ഈ ആനയെ.
ആനകളുടെ എണ്ണം കുറഞ്ഞതോടെ ജോലി ഇല്ലാതായ പാപ്പാന്മാരെയും സഹായികളെയും വിവിധ ദേവസ്വങ്ങളിൽ കൗണ്ടർ ജോലിക്കും മറ്റും നിയോഗിച്ചിരിക്കുകയാണ്. കേരളത്തിലെ ആനയുടെ ശരാശരി ആയുസ് 60-65 വയസാണ്. ഇത് കണക്കിലെടുത്താൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ബോർഡിന് സ്വന്തം ആനയില്ലാതാകും. ആനകളുടെ ക്രയവിക്രയം കേന്ദ്രനിയമപ്രകാരം സാദ്ധ്യമല്ല. അതിനാൽ പുതിയ ആനയെ വാങ്ങലും നടയ്ക്കിരുത്തലും ഇപ്പോൾ പ്രായോഗികവുമല്ലെന്ന വലിയ ധർമ്മസങ്കടത്തിലാണ് ബോർഡ്.
ശേഷിക്കുന്ന 6 ഗജവീരന്മാർ
എറണാകുളം ശിവകുമാർ
കൊടുങ്ങല്ലൂർ അച്യുതൻ കുട്ടി
കൊടുങ്ങല്ലൂർ ദേവീദാസൻ
പഴയന്നൂർ ശ്രീരാമൻ
രവിപുരം ഗോവിന്ദൻ
വടക്കുംനാഥൻ ചന്ദ്രശേഖരൻ
നിത്യവും ആനശീവേലിയുള്ള ക്ഷേത്രങ്ങൾ
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം
തൃപ്രയാർ ശ്രീരാമക്ഷേത്രം