കൊച്ചി : ഗ്രാമപ്രദേശങ്ങളിലെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവമായ കുടുംബശ്രീ നഗരത്തിലും സ്വാധീനമുറിപ്പിക്കുന്നു. മുന്നോടിയായി ഉടനെ കൂടുതൽ നഗര അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. ജോലിക്കാരായ സ്ത്രീകൾക്കും കുടുംബാംഗങ്ങൾക്കും സഹായകമാവുന്ന രീതിയിലാകും പുതിയ പദ്ധതികൾ. കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ഗ്രാമീണ നഗര ഉപജീവന പദ്ധതികൾ (എൻ.യു എൽ .എം), സ്റ്റാർട്ട് അപ്പ് എന്റർപ്രണർഷിപ്പ്, പ്രധാനമന്ത്രി നഗര ആവാസ് യോജന പദ്ധതികളാണ് നടപ്പാക്കുന്നത്. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ളാറ്റ്ഫോം വഴി തൊഴിൽ കണ്ടെത്തുന്ന പദ്ധതിയിൽ കുടുംബശ്രീക്കും പങ്കാളിത്തമുണ്ട്. താത്‌പര്യവും കഴിവുമുള്ള സ്ത്രീകളെ പദ്ധതിയ്ക്കായി കണ്ടെത്തുന്നതിനുള്ള ചുമതല കുടുംബശ്രീക്കാണ്. വിവരശേഖണം ഉടൻ തുടങ്ങും.
ജില്ലയിൽ 26, 504 അയൽക്കൂട്ടങ്ങൾ
3 ലക്ഷം അംഗങ്ങൾ
കൊച്ചി കോർപ്പറേഷൻ പരിധിയിൽ: 2964 അയൽക്കൂട്ടങ്ങൾ
51423 അംഗങ്ങൾ
ഹർഷം : വയോജന പരിചരണം
വീടുകളിലോ ഫ്‌ളാറ്റുകളിലോ വന്ന് വയോജനങ്ങളെ പരിചരിക്കാൻ കടുംബശ്രീ കെയർ ഗീവർ എക്‌സിക്യൂട്ടീവുകളെ സജ്ജമാക്കി. നിരവധി പേർക്ക് തൊഴിൽ അവസരം ലഭിക്കുമെന്ന് മാത്രമല്ല മികച്ച സേവനം നൽകുന്നത് ഉദ്യോഗസ്ഥർക്കും ആശ്വാസമായി. വിവരങ്ങൾക്ക് harsham.kudumbashree.org. കുടുംബശ്രീയുടെ ആദ്യ നഴ്‌സിംഗ് ഹോം കുഴുപ്പിള്ളിയിൽ തുടങ്ങി. ഹോം നഴ്‌സുമാരെയും ഇപ്പോൾ കുടുംബശ്രീ വഴി ലഭിക്കും.
ഡേ കെയറുകൾ,വനിതാ ഹോസ്റ്റലുകൾ
എല്ലാ നഗരപ്രദേശങ്ങളിലും കുറഞ്ഞ നിരക്കിൽ സ്ത്രീകൾക്ക് താമസസ്ഥലം ഒരുക്കാനുള്ള നീക്കത്തിലാണ് കുടുംബശ്രീ. അങ്കമാലിയിലാണ് വനിതാഹോസ്റ്റൽ വരുന്നത്. നഗരത്തിൽ നാല് ഇടത്ത് ഡേ കെയറുകൾ ആരംഭിക്കുന്നതും പരിഗണനയിലാണ്. വ്യത്യസ്ത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സൗകര്യമനുസരിച്ചുള്ള സമയ ക്രമീകരണം ഒരുക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌നേഹിത ഷോർട്ട് സ്റ്റേ ഹോം കാക്കനാട് കുന്നുപുറം റോഡിലുണ്ട്.
സാന്ത്വനം ആപ്പ്
വീടുകളിലെത്തി ജീവിതശൈലി രോഗങ്ങൾ പരിശോധിക്കാനായി സാന്ത്വനം ആപ്പ് ഉണ്ട്. ആപ്പിൽ ലൊക്കേഷൻ നൽകുന്നതനുസരിച്ച് സന്നദ്ധപ്രവർത്തകർ വീട്ടിലെത്തും. ഗൂഗിൾ പ്‌ളേ സ്റ്റോറിൽ സാന്ത്വനം ആപ്പ് ലഭ്യമാണ്.
സുരക്ഷയ്ക്കായി വിജിലന്റ് ഗ്രൂപ്പ്
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വിജിലന്റ് ഗ്രൂപ്പുകളെ ശക്തിപ്പെടുത്തും. ഇതിനായി നിർഭയ സെല്ലിനൊപ്പം കുടുംബശ്രീ പ്രവർത്തകരും അണിചേരും. വാർഡ് അടിസ്ഥാനത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും
സ്‌നേഹിത കോളിംഗ് ബെൽ
ഒറ്റയ്ക്ക് താമസിക്കുന്നവരെയും മുതിർന്ന പൗരൻമാരെയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരുമായ വ്യക്തികളെയും കണ്ടെത്തി ആവശ്യമായ പിന്തുണ നൽകുന്ന സ്‌നേഹിത കോളിംഗ് ബെൽപദ്ധതി കാര്യക്ഷമമാണ്. ലോക്ക് ഡൗൺ സമയത്ത് സ്‌നേഹിതയുടെയും കമ്മ്യൂണിറ്റി കൗൺസിലർമാരുടെയും നേതൃത്വത്തിൽ കൗൺസിലിംഗും മാനസിക പിന്തുണയും നൽകിയിരുന്നു. . ഫോൺ 8594034255
ടോൾ ഫ്രീ നമ്പർ 180042555678