olx

കൊച്ചി: ഉടമയറിയാതെ വീട് പണയത്തിന് നൽകി എട്ടുലക്ഷം കബളിപ്പിച്ച സംഘം തട്ടിപ്പ് വീരന്മാർ. ഒരേ സമയം വീട്ടുടമയെയും വാടകയ്ക്കെടുത്തളയാളെയും പറ്റിച്ച് പണവുമായി മുങ്ങിയ ഇത്തരം തട്ടിപ്പ് അപൂർവമെന്നാണ് പൊലീസ് പറയുന്നത്.

പോണേക്കര പള്ളിക്ക് മുന്നിലെ സഞ്ജയ് വാര്യരുടെ വീടാണ് ഇദ്ദേഹം അറിയാതെ ഇടുക്കി സ്വദേശി നൗഫലിന് എട്ട് ലക്ഷം രൂപ വാങ്ങി വാടകയ്ക്ക് നൽകിയത്.

കേസിൽ രണ്ടാം പ്രതിയായ തൃശൂർ വലപ്പാട് കരയാമുട്ടം കറപ്പംവീട്ടിൽ ഫൈസലിനെ ഇന്നലെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവരുടെ തട്ടിപ്പ് രീതികൾ വ്യക്തമായത്. ഒന്നാം പ്രതിയും ഫൈസലിന്റെ സുഹൃത്തും സമീപവാസിയുമായ അജിത്തിന്റെ വീട്ടിൽ ഇന്നലെ പൊലീസ് എത്തും മുമ്പ് ഇയാൾ മുങ്ങി. ഉടനെ തന്നെ ഇയാളും കുടുങ്ങുമെന്നാണ് സൂചന.

ഇരുവരും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരാണ്.

സോഫ്റ്റ്‌വെയർ എൻജിനിയറായ സഞ്ജയ് വാര്യരും കുടുംബവും ബംഗളുരുവിലാണ് താമസം. മഹാരാജാസ് കോളേജ് മുൻപ്രിൻസിപ്പൽ രുദ്രവാര്യരുടെ മകളുടെ ഭർത്താവാണ് സഞ്ജീവ്.

മാർച്ച് മാസത്തിൽ വീട് വാടകയ്ക്കെന്ന ഒ.എൽ.എക്സ് പരസ്യത്തിലൂടെ ബന്ധപ്പെട്ട് വീട് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു ഫൈസൽ. വാടകയ്ക്ക് എടുത്തുകൊള്ളാമെന്ന് പറഞ്ഞ് 3000 രൂപ അക്കൗണ്ടിലേക്ക് ഇടുകയും ചെയ്തപ്പോൾ വീടിന്റെ രേഖകൾ അയച്ചുകൊടുത്തു. വീട് വൃത്തിയാക്കണമെന്ന് പറഞ്ഞപ്പോൾ അയൽവീട്ടുകാരിൽ നിന്ന് താക്കോലും കൈമാറി. അവിടെ നിന്നായിരുന്നു തട്ടിപ്പിന്റെ പ്രധാന നീക്കങ്ങൾ. പിന്നീട് താക്കോൽ മടക്കി നൽകിയില്ല. ഇടുക്കി സ്വദേശിയും കാർമെക്കാനിക്കുമായ നൗഫൽ ഈ വീട്ടിൽ താമസമാക്കിയത് അയൽക്കാർ അറിയിച്ചപ്പോഴാണ് സഞ്ജയ് ഇക്കാര്യം അറിയുന്നത്.

വ്യാജരേഖകളും മറ്റും കാണിച്ചാണ് നൗഫലിന് വീട് നൽകിയത്. ഇതിനായി കരാറും മറ്റും ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് നൗഫൽ എളമക്കര പൊലീസിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ ആദ്യ അറസ്റ്റ്. വീട്ടിൽ അതിക്രമിച്ചു കയറിയതിന് നൗഫലിനെതിരെ സ്ഞ്ജീവ് വാര്യരും കേസ് നൽകിയിട്ടുണ്ട്. അജിത്തിന്റെ അക്കൗണ്ടിലേക്കാണ് നൗഫൽ എട്ടുലക്ഷം രൂപ കൈമാറിയത്. കേസും മറ്റുമായതിന് ശേഷം ഇരുവരും മുങ്ങി. മുൻകൂർ ജാമ്യഹർജികൾ തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. തൃശൂർ ജില്ലയിൽ സമാനമായ നിരവധി തട്ടിപ്പുകൾ ഈ സംഘം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ അറസ്റ്റ് വിവരം പുറത്തറിയുന്ന മുറയ്ക്ക് കൂടുതൽ പരാതികൾ എത്തുമെന്നാണ് കരുതുന്നത്.