കൊച്ചി: നഗരത്തിലെ തെരുവ് കച്ചവടക്കാരുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി കോർപ്പറേഷൻ വീണ്ടും സർവേ ആരംഭിച്ചു. കഴിഞ്ഞ വർഷം ആറ് സോണൽ ഓഫീസുകളുടെയും കീഴിലുള്ള തെരുവുകച്ചവടക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ലിസ്റ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനും വിട്ടുപോയ ആളുകളെ ചേർക്കുന്നതിനുമാണ് ഈ മാസം ഒന്നു മുതൽ വീണ്ടും സർവേ നടത്തുന്നത്. ഒരു സന്നദ്ധ സംഘടനയെ ആണ് ഈ ചുമതല ഏല്പിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് തെരുവു കച്ചവടം നടത്തുന്നവരായി നഗരസഭകൾ സർവേയിലൂടെ കണ്ടെത്തിയത് 22272 പേരെയാണ്. ഇവരിൽ നാൽപ്പത് ശതമാനവും കൊച്ചി നഗരത്തിലാണ്. ഇതിൽ ടൗൺ വെൻഡിംഗ് കമ്മറ്റി അംഗീകരിച്ച മുഴുവൻ പേർക്കും തിരിച്ചറിയൽ കാർഡും വെൻഡിംഗ് സർട്ടിഫിക്കറ്റും ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 2014 ലാണ് തെരുവ് കച്ചവടക്കാരുടെ സംരക്ഷണത്തിനായി പാർലമെന്റ് നിയമം പാസ്സാക്കിയത്. ടൗൺ വെൻഡിംഗ് കമ്മിറ്റികളുടെ മൊത്തം അംഗസംഖ്യയിൽ 40 ശതമാനത്തിൽ കുറയാതെ തെരുവു കച്ചവടക്കാരുടെ പ്രതിനിധികൾ ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്.
സർവേയിൽ കണ്ടെത്തിയത്: 22272 പേരെ
നഗരത്തിൽ : 40%
കച്ചവടക്കാരുടെ സംരക്ഷണത്തിനായി പാർലമെന്റ് നിയമം പാസ്സാക്കിയത് : 2014 ൽ
അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നു
പ്രത്യേക തെരുവു ചന്തകൾ ( വെന്റിംഗ് സോൺ ) നിർമിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും ഉള്ള പദ്ധതി കുടുംബശ്രീ ആണ് ഏറ്റെടുത്തിരിക്കുന്നത്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന നഗര ദാരിദ്ര്യ നിർമാർജന പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യ(എൻ.യു.എൽ.എം)ത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
തെരുവോര കച്ചവടക്കാരുടെ സർവേയും തിരിച്ചറിയൽ കാർഡുകളുടെ വിതരണവും, തെരുവോര വാണിഭത്തിന്റെ രൂപരേഖ തയ്യാറാക്കൽ, നഗരത്തിലെ തെരുവോര കച്ചവടമേഖലകളുടെ അടിസ്ഥാന സൗകര്യവികസനം, പരിശീലനവും നൈപുണ്യവികസനവും, ധനകാര്യ സ്ഥാപനങ്ങളുമായി ഉൾച്ചേർക്കൽ, വായ്പാ സൗകര്യം ലഭ്യമാക്കൽ, സാമൂഹ്യ സുരക്ഷാ പദ്ധതികളുമായി കണ്ണി ചേർക്കൽ എന്നിവയാണ് കുടുംബശ്രീയുടെ ദൗത്യം.
അജണ്ട മാറ്റിവച്ചു
തെരുവ് കച്ചവട നിയമാവലിയും കരട് ബൈലോയും തയ്യാറാക്കാനുള്ള കൊച്ചി കോർപ്പറേഷന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ഇതുസംബന്ധിച്ച ഫയൽ കഴിഞ്ഞ ആഴ്ച നടന്ന കൗൺസിലിൽ അവതരിപ്പിച്ചുവെങ്കിലും പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് അജണ്ട മാറ്റിവച്ചു.
ചർച്ച വേണം
വെൻഡിംഗ് കമ്മിറ്റിയിൽ ചർച്ച ചെയ്യാതെയാണ് കഴിഞ്ഞ ആഴ്ച നടന്ന കൗൺസിലിൽ അജണ്ട അവതരിപ്പിച്ചത്. 230 അജണ്ടകളുടെ കൂട്ടത്തിലാണ് ഈ ഫയലും വന്നത്. പല സ്ഥലങ്ങളിലും ഒരു കച്ചവടക്കാരന്റെ പേരിൽ നാലും അഞ്ചും കടകൾ ഉണ്ടാവും. ബിനാമികളായാണ് പലരും പ്രവർത്തിക്കുന്നത്. ഇത് അനുവദിക്കാൻ കഴിയില്ല. കച്ചവടക്കാർക്ക് ഐഡിന്റിറ്റി കാർഡ് നൽകിയിട്ടില്ല. കോർപ്പറേഷനിലെ തെരുവ് കച്ചവട മേഖലകൾ ഏതൊക്കെയാണെന്ന് നിശ്ചയിച്ചിട്ടില്ല.
വി.കെ.മിനിമോൾ
യു.ഡി.എഫ് കൗൺസിലർ