double-decke

കൊച്ചി: ലോക്ക്ഡൗൺ ഇളവുണ്ടെങ്കിലും ഡബിൾ ഡെക്ക‌ർ യാത്രയ്ക്ക് ഇനിയും കാത്തിരിക്കണം. മറ്റൊന്നുമല്ല, ലീഫ് ഒടിഞ്ഞ് നിരത്തിലെ താരം കട്ടപ്പുറത്താണ്. വിദേശ നി‌ർമ്മിത വാഹനമായതിനാൽ വിപണിയിലുള്ള ലീഫ് ഘടിപ്പിക്കാനാവില്ല. മുംബയിലെ ലൈലാന്റ് കമ്പനിക്ക് ലീഫിന് ഓർ‌ഡർ നൽകിയിട്ടുണ്ട്. എന്ന് വരുമെന്ന് ഉറപ്പില്ല.

രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിക്കും മുമ്പ് വരെ നിരത്തിൽ തലയെടുപ്പോടെ ഡബിൾ ഡെക്കറും ഉണ്ടായിരുന്നു. നീണ്ട നാളത്തെ വിശ്രമത്തിന് ശേഷം സർവീസ് പുനരാരംഭിച്ച രണ്ടാം ദിനമാണ് ലീഫിന് തകരാ‌ർ സംഭവിച്ചത്. ഉടൻ തന്നെ അറ്രകുറ്രപ്പണിക്കായി മാറ്രി. തൊട്ടടുത്ത ദിവസം തന്നെ ലീഫിനായി ഓ‌‌ർഡ‌ർ നൽകിയെങ്കിലും ഇതുവരെ എത്തിയില്ല. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വരവ് നീളാനും സാദ്ധ്യതയുണ്ട്. അറ്റകുറ്രപ്പണി എത്രയും വേഗം പൂ‌ർത്തിയാക്കുമെന്ന് അങ്കമാലി കെ.എസ്.ആ‌ർ.ടി.സി ഡിപ്പോ‌ അധികൃതർ പറഞ്ഞു.

സൂപ്പർ സ്റ്രാ‌ർ

കെ.എസ്.ആ‌ർ.ടി.സിക്ക് ബസുകളുടെ വിവിധ ശ്രേണികളുണ്ടെങ്കിലും സൂപ്പർസ്റ്റാർ ഡബിൾ ഡെക്കറുകൾ തന്നെ. സംസ്ഥാനത്ത് ആകെ ഇത്തരം മൂന്നെണ്ണമേയുള്ളൂ. അങ്കമാലി ഡിപ്പോയുടെ അഹങ്കാരമാണ് അതിലൊന്ന്. മറ്റ് രണ്ടെണ്ണം തിരുവനന്തപുരത്തും. അങ്കമാലിയിൽ നിന്ന് വൈറ്റിലയ്ക്കും അവിടെ നിന്ന് തോപ്പുംപടിക്കുമാണ് സ‌ർവീസ്. ഉയരപ്രശ്നം കാരണം നഗരത്തിൽ കയറില്ല. ഇടപ്പള്ളി ബൈപ്പാസ് - കുണ്ടന്നൂർ വഴിയാണ് തോപ്പുംപടി യാത്ര. കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷം ബസിന്റെ സ‌ർവീസ് പുനരാരംഭിക്കാൻ വൈകിയതിൽ ജനകീയ പ്രതിഷേധം വരെയുണ്ടായി. ഹൈബി ഈ‌ഡൻ എം.പി ഇടപെടേണ്ടി വന്നു. ബസ് വീണ്ടും സ‌‌ർവീസ് തുടങ്ങിയപ്പോൾ മധുരം നൽകിയാണ് തോപ്പുംപടിക്കാർ വരവേറ്റത്.

1969 -1975 കാലത്താണ് എറണാകുളം ജില്ലയിൽ ഡബിൾ ഡെക്കർ സർവീസ് ആരംഭിക്കുന്നത്. വെല്ലിംഗ്ടൺ ഐലന്റ് മുതൽ 'പാലാരിവട്ടം വരെയായിരുന്നു സർവീസ്. അന്നും ഹിറ്റായി സംഭവം. സ്‌പെയർ പാർട്‌സുകൾ കിട്ടാതായതോടെ സർവീസ് അവസാനിപ്പിച്ചു. 2010 മുതലാണ് അശോക് ലെയ്‌ലാൻഡുമായി സഹകരിച്ച് സർവീസ് പുനരാരംഭിച്ചത്.

 ഓർഡർ ചെയ്ത ലീഫ് മുംബയിൽ നിന്ന് ഉടനെ എത്തുമെന്നാണ് പ്രതീക്ഷ. എത്തിയാൽ ഉടൻ തന്നെ കേടുപാടുകൾ നീക്കി സ‌ർവീസ് പുനരാരംഭിക്കും.

സുനിൽ കുമാ‌ർ

എ.ടി.ഒ

അങ്കമാലി