j

കൊച്ചി: അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ചു നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ തിരുവനന്തപുരം സ്വദേശിനി കെ. ബിന്ദു ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. 2016 ലാണ് ഭീകരസംഘടനയായ ഐസിസിൽ ചേരാൻ ഭർത്താവ് പാലക്കാട് സ്വദേശി ബെക്‌‌സണിനൊപ്പം നിമിഷ നാടുവിട്ടത്. കാസർകോട് പൊയിനാച്ചിയിലെ ഡെന്റൽ കോളേജിൽ അവസാന വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരിക്കെ നിമിഷ മതംമാറി നിമിഷ ഫാത്തിമയായിരുന്നു. ബെക്സണും മതം മാറി ഇൗസയെന്ന പേര് സ്വീകരിച്ചിരുന്നു. ഇരുവരും പിന്നീട് ശ്രീലങ്കയിലേക്കും അവിടെനിന്ന് അഫ്ഗാനിസ്ഥാനിലേക്കും പോയി. ഇവരടക്കം 21 മലയാളികളാണ് ഐസിസിൽ ചേരാൻ നാടുവിട്ടത്. പിന്നീട് അഫ്ഗാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ബെക്സൺ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. പിടിയിലായ നിമിഷയടക്കമുള്ള ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചയക്കാൻ അഫ്ഗാൻ സർക്കാർ തയ്യാറായെങ്കിലും രാജ്യസുരക്ഷ കണക്കിലെടുത്ത് ഇന്ത്യാ ഗവൺമെന്റ് ഇവരെ തിരിച്ചുകൊണ്ടുവരേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതു ചോദ്യംചെയ്താണ് ബിന്ദു ഹൈക്കോടതിയെ സമീപിച്ചത്.

മകളെയും ചെറുമകൾ ഉമ്മു കുൽസുവിനെയും നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. ഇവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്ക് വിട്ടുകിട്ടണമെന്നും ഹർജിയിൽ ബിന്ദു ആവശ്യപ്പെടുന്നു.