കോലഞ്ചേരി: ഫോൺ ലൈബ്രറിയുമായി മഴുവന്നൂർ എസ്.ആർ.വി യു.പി സ്‌കൂൾ. അത്യാവശ്യ ഘട്ടങ്ങളിൽ കുട്ടികൾക്ക് ഫോൺ ഉപയോഗിക്കുന്നതിനാണ് ലൈബ്രറി തുടങ്ങിയത്. പ്രതിദിനം നടക്കുന്ന ക്ളാസുകൾ നഷ്ടപ്പെടാതിരിക്കാനാണ് സജ്ജീകരണം. കൈയിലുള്ള ഫോൺ തകരാറിലാവുക, രക്ഷകർത്താക്കളുടെ ഫോൺ ഉപയോഗിക്കുന്നവർക്ക് പെട്ടെന്നുള്ള ആവശ്യങ്ങൾ വരുമ്പോൾ പകരം സംവിധാനത്തിലൂടെ ഫോൺ ഉപയോഗിക്കുന്ന വിധമാണ് പ്രവർത്തനം. ജനപ്രതിനിധികളുടെയും വാരിയർ ഫൗണ്ടേഷന്റെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും നേതാജി റെസിഡന്റ്‌സ് അസോസിയേഷന്റെയും നാട്ടുകാരുടെയും സഹായത്തോടെ ആദ്യഘട്ടത്തിൽ സമാഹരിച്ചത് 32 ഫോണുകളാണ്. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഉമാ മഹേശ്വരി ഉദ്ഘാടനം നിർവഹിച്ചു. മാനേജർ എം.എസ്.എസ്. വാരിയർ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം നിജ ബൈജു, ഹെഡ്മാസ്റ്റർ അനിയൻ.പി.ജോൺ, ബിജു വർഗീസ്, രാജു പാലക്കുന്നേൽ, അംഗം എം.എസ്. തങ്കപ്പൻ നായർ എന്നിവർ സംസാരിച്ചു.