kitex

കൊച്ചി: കേരളത്തിൽ വേണ്ടെന്നുവച്ച 3,500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ കിറ്റെക്സ് ഗ്രൂപ്പിന് തമിഴ്നാട്ടിലേക്ക് ക്ഷണം. പകുതിവിലയ്ക്ക് സ്ഥലം ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങളോടെയാണ് തമിഴ്നാട് സർക്കാരിന്റെ ഒൗദ്യോഗികക്ഷണം ഇന്നലെ ലഭിച്ചത്.

35,000 പേർക്ക് തൊഴിൽസാദ്ധ്യതയുള്ള പദ്ധതിയാണ് രാഷ്ട്രീയ, ഉദ്യോഗസ്ഥ ഇടപെടലുകളെ തുടർന്ന് നടപ്പാക്കേണ്ടെന്ന് കിറ്റെക്‌സ് തീരുമാനിച്ചത്. തമിഴ്നാട്ടിൽ നിക്ഷേപങ്ങളെ ആകർഷിക്കുന്ന ചുമതല വഹിക്കുന്ന ഗൈഡൻസിന്റെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഗൗരവ് ദാഗയാണ് വ്യവസായമന്ത്രിക്ക് വേണ്ടി കിറ്റെക്‌സ് മാനേജിംഗ് ഡയറക്‌ടർ സാബു ജേക്കബിന് ക്ഷണക്കത്ത് നൽകിയത്.

വാഗ്ദാനങ്ങൾ
 മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്‌സിഡി

 പകുതി വിലയ്ക്ക് സ്ഥലം

 സ്റ്റാമ്പ് ഡ്യൂട്ടിയിൽ 100 ശതമാനം ഇളവ്

 ആറു വർഷത്തേക്ക് 5 ശതമാനം പലിശയിളവ്

 പരിസ്ഥിതി സംരക്ഷണ സംവിധാനങ്ങൾക്ക് 25 ശതമാനം സബ്‌സിഡി

 ബൗദ്ധിക സ്വത്തവകാശ ചെലവുകൾക്ക് 50 ശതമാനം സബ്‌സിഡി

 തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4,000 രൂപയും എസ്.സി., എസ്.ടി വിഭാഗങ്ങൾക്ക് 6,000 രൂപയും സാമ്പത്തിക സഹായം

 ഗുണനിലവാര സർട്ടിഫിക്കേഷനുകൾക്ക് 50 ശതമാനം സബ്‌സിഡി

 അഞ്ചുവർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി

 മൂലധന ആസ്തികൾക്ക് 100 ശതമാനം സംസ്ഥാന ജി.എസ്.ടി ഇളവ്

 പത്തുവർഷം വരെ തൊഴിലാളി ശമ്പളത്തിന്റെ 20 ശതമാനം സർക്കാർ നൽകും

 കൂടുതൽ ആവശ്യങ്ങളുണ്ടെങ്കിൽ അതും പരിഗണിക്കും