simba
സിമ്പ

കുറുപ്പംപടി: കഴിഞ്ഞ മൂന്നു ദിവസമായി ഭക്ഷണവും വെള്ളവും കഴിക്കാതെ മരത്തിനു മുകളിൽ കുടുങ്ങിയ സിമ്പ എന്ന പേർഷ്യൻ ഇനത്തിൽപ്പെട്ട വളർത്തു പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി.പകൽസമയത്ത് ഓടി കളിക്കുന്നതിനിടയിൽ കീരി ഓടിക്കുകയും പ്രാണരക്ഷാർത്ഥം അടുത്തുനിന്ന തെങ്ങിലേക്ക് ഓടി കയറുകയും ചെയ്തിരുന്നു. താഴെ ഇറക്കാൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും പൂച്ചയ്ക്ക് താഴെ ഇറങ്ങാൻ സാധിച്ചില്ല. ഈ വിവരം കഴിഞ്ഞദിനം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡിൽ തട്ടാംപുറംപടി പള്ളിക്കാട് വീട്ടിൽ സജീവന്റെ വളർത്തു പൂച്ചയാണ് സിമ്പ. പൂച്ചയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഉടമസ്ഥൻ സജീവൻ ഇതിനെ താഴെ ഇറക്കുന്നതിന് വേണ്ടി നിരവധി ശ്രമങ്ങൾ നടത്തി. സമീപപ്രദേശങ്ങളിലെ മരം കയറ്റ തൊഴിലാളികളെ വിളിച്ചു വരുത്തി മരത്തിൽ കയറ്റി നോക്കിയെങ്കിലും സിമ്പയെ രക്ഷിക്കാനായില്ല. തുടർന്ന് പെരുമ്പാവൂർ ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ ഹസൈനാരുടെ നേതൃത്വത്തിൽ വളരെ ഏറെ നേരം ശ്രമങ്ങൾ നടത്തിയെങ്കിലും അതും വിഫലമായി. ഫയർ ഓഫീസറുടെ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ ഉടമസ്ഥനുമായി സംസാരിച്ച് മരം മുറിച്ച് വീഴ്ത്തുവാൻ തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് മരം മുറിച്ച് പൂച്ചയെ രക്ഷപ്പെടുത്തി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ സാജു ,രജീഷ് എന്നിവർ ചേർന്നാണ് മരം മുറിച്ച് പൂച്ചയെ രക്ഷപ്പെടുത്തിയത്.