കോലഞ്ചേരി: കൊവിഡ് രണ്ടാംഡോസ് വാക്സിനെടുത്ത് മടങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കടയിരുപ്പ് തച്ചുകുഴിമോളത്ത് കെ.കെ. രവിയാണ് (69) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ കടയിരുപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് വാക്‌സിനെടുത്ത് വീട്ടിലേയ്ക്ക് നടന്നുപോകുമ്പോൾ സ്‌കൂൾ ജംഗ്ഷനിൽ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന വിവരം വാക്‌സിനേഷൻ സെന്ററിൽ അറിയിച്ചിരുന്നതായി മെഡിക്കൽ ഓഫീസർ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഭാര്യ: ശാരദ. മകൾ: മഞ്ജു.