photo
പൂർവ്വവിദ്യാർത്ഥി നല്കിയ പുസ്തക ശേഖരം എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം. ഹൈസ്‌കൂൾ അദ്ധ്യാപകർ ഏറ്റു വാങ്ങുന്നു

വൈപ്പിൻ: സ്വന്തം ലൈബ്രറിയിൽ കാത്തുസൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ മുഴുവൻ പഠിച്ചിറങ്ങിയ വിദ്യാലയത്തിന് നല്കി പൂർവ്വ വിദ്യാർത്ഥിയും കുടുംബവും. ലോകോത്തര നിലവാരത്തിലുള്ള 150 ലേറെ ഇംഗ്ലീഷ് പുസ്തകങ്ങളാണ് ആകാശവാണി റിട്ട.ബി ഗ്രേഡ് ഉദ്യോഗസ്ഥനായ അഗസ്റ്റിൻ മാളിയേക്കലും ഭാര്യ ഫിലോമിന അഗസ്റ്റിനും ചേർന്ന് എടവനക്കാട് എസ്.ഡി. പി.വൈ. കെ.പി.എം. ഹൈസ്‌ക്കൂളിന് കൈമാറിയത്.

ചെറുപ്പകാലം മുതലേ പഠനത്തിലും പുസ്തകവായനയിലും മികവ് പുലർത്തിയിരുന്ന മകൻ സജിത്ത് അഗസ്റ്റിന് വേണ്ടിയാണ് ഇംഗ്ലീഷ് പുസ്തകങ്ങൾ അഗസ്റ്റിൻ മാളിയേക്കൽ വാങ്ങിയിരുന്നത്. ആകാശവാണിക്ക് വേണ്ടി ന്യൂഡൽഹിയിലെ പാർലമെന്റ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കാലത്ത് അദ്ദേഹത്തിന് മകനു വേണ്ടി നിരവധി വിദേശ പ്രസാധകരുടെ സ്റ്റാളുകളിൽ നിന്നും പുസ്തകങ്ങൾ വാങ്ങാൻ അവസരം കിട്ടി. എ.എൻ.ഐയിൽ ഉദ്യോഗസ്ഥയായിരുന്ന അമ്മ ഫിലോമിന അഗസ്റ്റിനും പുസ്തകങ്ങൾ വാങ്ങാൻ യാതൊരു മടിയും കാട്ടിയിരുന്നില്ല. ഇങ്ങനെയാണ് വീട്ടിലൊരു മനോഹരമായ ലൈബ്രറി രൂപം കൊണ്ടത്.

എൻജിനീയറിംഗ് റാങ്കോടെ പാസായ മകൻ ഇപ്പോൾ അമേരിക്കയിൽ ജെ.പി.മോർഗാൻ കമ്പനിയിൽ മാനേജിംഗ് ഡയറക്ടറാണ്. ഫ്രാൻസിസും ജോർജ്ജും ഈ വിദ്യാലയത്തിലെ ജീവനക്കാരനായിരുന്നുവെന്ന ആത്മബന്ധം കൂടിയുണ്ട്. പുസ്തകശേഖരം സീനിയർ ക്ലർക്ക് എം.സി.നന്ദകുമാർ, അദ്ധ്യാപകരായ ടി.ആർ.രത്‌നം, ജോണിയ ജോസ്, സുനിൽ മാത്യു, കെ.ജി.ഹരികുമാർ, അഗസ്റ്റിൻ സാജൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.