മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഇനി തടസമില്ലാതെ വൈദ്യുതി ലഭിക്കും. ഇതിനായി ആർ.എം.യു (റിംഗ് മെയിൻ യൂണിറ്റുകൾ) അനുവദിച്ചു. മൂവാറ്റുപുഴക്ക് ആർ.എം.യു യൂണിറ്റുകൾ അനുവദിക്കണമെന്ന ഡോ. മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആവശ്യമാണ് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി തീർപ്പാക്കിയത്. പെരുമ്പാവൂർ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് അനുമതി നൽകിയതായി മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചതായി എം.എൽ.എ പറഞ്ഞു. കെ.എസ്.ഇ.ബി അണ്ടർഗ്രൗണ്ട് കേബിളുകൾ ഉപയോഗിച്ച് വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴയിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ ആർ.എം.യു യൂണിറ്റുകൾ ഇല്ലാത്തതിനാൽ ഇവയുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. അതേസമയം തിരുവനന്തപുരം റീജിയന് പത്തൊൻപത് ആർ.എം.യു യൂണിറ്റുകൾ ഡൽഹിയിൽ നിന്നും അനുവദിച്ചു. അണ്ടർഗ്രൗണ്ട് കേബിൾ വർക്ക് പൂർത്തിയായ മൂവാറ്റുപുഴയ്ക്ക് ആവശ്യമുള്ള യൂണിറ്റ് ഇതിൽ നിന്ന് നൽകണമെന്ന് വൈദ്യുതി മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. യൂണിറ്റുകൾ അനുവദിച്ച തിരുവനന്തപുരം റീജിയണിലെ വർക്ക് പൂർണമായിട്ടില്ല. ഈ സാഹചര്യത്തിലാണ് മാത്യു കുഴൽനാടൻ പണി തീർന്ന മൂവാറ്റുപുഴയ്ക്ക് ആവശ്യമുള്ള യൂണിറ്റ് നൽകണമെന്ന് വൈദ്യുതി മന്ത്രിയോട് ആവശ്യപ്പെട്ടത്. ഒരു യൂണിറ്റിന് ഏഴ് ലക്ഷം രൂപയോളമാണ് ആർ.എം.യു യൂണിറ്റിന്റെ ചെലവ്. അണ്ടർഗ്രൗണ്ട് കേബിളുകൾ പ്രവർത്തനക്ഷമമായാൽ ഇടവിട്ട് കറന്റ് പോകുന്ന പ്രശ്‌നത്തിന് പൂർണമായും പരിഹാരമാകുമെന്നതാണ് ആർ.എം.യു യൂണിറ്റുകളുടെ പ്രത്യേകത. യൂണിറ്റുകൾ ലഭ്യമാകുന്നതിലൂടെ തടസമില്ലാതെ മൂവാറ്റുപുഴയിൽ കറന്റ് ലഭിക്കും. ഇത് മൂവാറ്റുപുഴ മണ്ഡലത്തിന്റെ മികച്ച നേട്ടമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ കൂട്ടിചേർത്തു.