വൈപ്പിൻ: ജിഡ പദ്ധതിയിൽ ഉൾപ്പെടുത്തി എടവനക്കാട് പഞ്ചായത്തിൽ ആധുനിക മാർക്കറ്റ് സ്ഥാപിക്കുമെന്ന് കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്രമാനുസൃതം ആവശ്യമുന്നയിക്കുന്നമുറയ്ക്ക് താമസംവിനാ പദ്ധതി നടപ്പാക്കും.സർക്കാർ തലത്തിൽ മാത്രം പരിഹരിക്കപ്പെടാൻ കഴിയുന്ന ഏതു വിഷയത്തിലും ഇടപെടുമെന്നും എം.എൽ.എ ഉറപ്പ് നൽകി.എം.എൽ.എയുടെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി സംവദിക്കുകയായിരുന്നു കെ.എൻ. ഉണ്ണികൃഷ്ണൻ.
കൊവിഡ് പ്രതിരോധം, ഡിജിറ്റൽ വിദ്യാഭ്യാസം ഉൾപ്പെടെ അനുബന്ധ പ്രവർത്തനങ്ങൾ, കടൽ ക്ഷോഭ പ്രതിരോധ തുടർ പ്രവർത്തനങ്ങൾ, ഗതാഗതം, പട്ടികജാതി വർഗ വിഭാഗങ്ങളുടെയും ഭിന്ന ശേഷിക്കാരുടെയും കിടപ്പുരോഗികളുടെയും ക്ഷേമം തുടങ്ങിയ സംസ്ഥാനതലത്തിൽ നിർവഹിക്കാനാകുന്നതെല്ലാം എം.എൽ.എ. വിശദീകരിച്ചു. ജനപ്രതിനിധികളുടെ പാരാതികൾക്കും ആവശ്യങ്ങൾക്കും എം.എൽ.എ തത്സമയം പരിഹാരം നിർദ്ദേശിച്ചു. പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ചു. അടിയന്തര കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കി. രണ്ടാഴചയ്ക്കുശേഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന ജനസമ്പർക്ക അവലോകന യോഗം വിളിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം അദ്ധ്യക്ഷത വഹിച്ചു. കടൽക്ഷോഭം, റോഡുകൾ, തീരാ മേഖല മാനേജ്‌മെന്റ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിക്കുന്ന എടവനക്കാട് പഞ്ചായത്തിന്റെ നിവേദനം പ്രസിഡന്റ് എം.എൽ.എയ്ക്ക് നൽകി. വൈസ് പ്രസിഡന്റ് വി. കെ. ഇക്ബാൽ, സെക്രട്ടറി സി.ജെ. റീജ എന്നിവർ സംസാരിച്ചു.