കൊച്ചി: സെപ്തംബറോടെ എറണാകുളത്തെ പ്രധാന റോഡുകളിലെ പണികൾ പൂർത്തിയാകുമെന്ന് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ )സി.ഇ.ഒ ജാഫർ മാലിക് അറിയിച്ചു. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എസ്.എം.എല്ലിന്റെ സിറ്റി ലെവൽ അഡ്വൈസറി ഫോറം വിവിധ പദ്ധതികളുടെ പുരോഗതിയും തടസങ്ങളും ചർച്ച ചെയ്തു. കരാറുകാരന്റെ വീഴ്ച മൂലം പടിഞ്ഞാറൻ കൊച്ചിയിലെ റോഡുകളുടെ നിർമ്മാണത്തിൽ പ്രശ്നങ്ങളുണ്ടായി. ഈ റോഡുകളിലെ പ്രധാനപണികൾക്കു പുതിയ ടെൻഡർ നൽകും. ഡിസംബറോടെ മട്ടാഞ്ചേരി ആശുപത്രിയുടെ പണി പൂർത്തിയാകും. സയ്യിദ് മുഹമ്മദ് പാലത്തിന്റെയും കൽവത്തി സ്‌കൂളിന്റെയും നിർമ്മാണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നു. മാർക്കറ്റ് പുനരധിവാസ പദ്ധതി ഈ മാസം പൂർത്തിയാകും.
പുതിയ മാർക്കറ്റ് കെട്ടിടത്തിനുള്ള ടെൻഡറും ഈ മാസത്തിൽ നൽകും. മറൈൻഡ്രൈവ് നടപ്പാത ഈ മാസം പകുതിയോടെ പൂർത്തിയാകും. മുല്ലശ്ശേരി കനാലിന്റെയും രാമേശ്വരം കൽവത്തി കനാലിന്റെയും കനാൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി ഓപ്പറേഷൻ ബ്രേക്ക് ത്രൂവിനു തുക കൈമാറാൻ ആലോചിക്കാമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. മേയർ എം.അനിൽ കുമാർ,. ഹൈബിഈഡൻ എം,.പി, എം.എൽ.എമാരായ ടി ജെ വിനോദ്,കെ ജെ മാക്സി തുടങ്ങിയവരും സംസാരിച്ചു.